Select Location
All Locations
State
Region
City / District
തിരുവല്ലം പരശുരാമ ക്ഷേത്രം നാഥനില്ലാ കളരി; ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം, വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്

തിരുവല്ലം പരശുരാമ ക്ഷേത്രം നാഥനില്ലാ കളരി; ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം, വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ശബരിമല കഴിഞ്ഞാല്‍ ദേവസ്വം ബോര്‍ഡിന് എറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്ന് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം ആണ്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. പൂര്‍വ്വികരുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം നടത്താന്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശത്ത് നിന്നുപോലും നിരവധി ഭക്തരാണ് നിത്യേന തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് വേണ്ടണ്ടസൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ഇവിടെ യാതൊരു സംവിധാനവുമില്ല. 

 ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിലവിലെ ജീവനക്കാര്‍ ജോലിചെയ്യാതെ ദിവസക്കൂലിക്ക് ആളെ വച്ച് ജോലി ചെയ്യിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ജീവനക്കാര്‍ കുറവായതിനാല്‍ ദിവസക്കൂലിക്ക് ആളെ നിര്‍ത്തുകയും അതേസമയം സ്ഥിരം ജീവനക്കാര്‍ തങ്ങളുടെ ജോലി ചെയ്യാതെ അവരുടെ ജോലികൂടി ദിവസ വേതനക്കാരെക്കൊണ്ട് ചെയ്യിക്കുന്നതും പതിവാണ്. ഇതുവഴി ദേവസ്വം ബോര്‍ഡിന് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുകൂടാതെ ക്ഷേത്ര ജീവനക്കാരല്ലാത്തവര്‍ ക്ഷേത്രത്തിനകത്തു കയറി ബലിക്ക് ആവശ്യമായ സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുകയും ദേവസ്വം ബോര്‍ഡിന്റെ സ്ഥലം കയ്യേറി ക്ഷേത്ര വളപ്പില്‍ തന്നെ പിതൃതര്‍പ്പണം നടത്തുന്ന സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റ് പണം സമ്പാദിക്കുന്നതായും പരാതിയുണ്ട്. ഇതിലൂടെ ഓരോ ദിവസവും ബോര്‍ഡിന് കിട്ടേണ്ടണ്ടവരുമാനം കുറഞ്ഞു വരികയാണ്.

ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളില്‍ നിന്ന് അന്നദാനത്തിന്റെ പേര് പറഞ്ഞ് ഭീമമായ തുക കൈപ്പറ്റുന്നതും പതിവാണ്. ദൂരദേശങ്ങളില്‍ നിന്നും വരുന്ന ഭക്തജനങ്ങളാണ് അന്നദാനത്തിന്റെ പേരില്‍ കബളിക്കപ്പെടുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം കുറവാണ്. ക്ഷേത്രത്തിന്റെ മുന്‍വശത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മാറ്റിയാല്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകുന്നത് തുടര്‍ക്കഥയാകുന്നു. അടുത്തകാലത്ത് ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ അര്‍ദ്ധരാത്രി മോഷണത്തിനായി ക്ഷേത്രഓഫീസില്‍ കയറിയത് നാട്ടുകാര്‍ പിടികൂടിയിരുന്നു. ഒരുസാമുദായിക സംഘടനയുടെ പ്രാദേശിക പ്രവര്‍ത്തകനായിരുന്നു പ്രസ്തുത കള്ളന്‍. നിയമസഭാ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കള്ളന് വേണ്ടി രാഷ്‌ട്രീയനേതാക്കള്‍ പ്രാദേശിക തലത്തിലും ഉദ്യോഗസ്ഥ തലത്തിലും സ്വാധീനം ചെലുത്തിയതിനാല്‍ കള്ളനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

പരശുരാമ സ്വാമി ക്ഷേത്രത്തിലെ അതിപുരാതനവും പൗരാണികവുമായ തീര്‍ത്ഥക്കടവിലെ ബലിമണ്ഡപത്തിന്റെ രണ്ട് മൂലയും ഇടിഞ്ഞ് അപകടകരമായ അവസ്ഥയിലാണ്. കോടികള്‍ വരുമാനമുണ്ടായിട്ടും ക്ഷേത്രത്തിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും അറ്റകുറ്റ പണികള്‍ നടത്താതെ ക്ഷേത്രത്തെ അധികൃതര്‍ നാശത്തിലേക്ക് തള്ളി വിടുകയാണ്.


Janmabhumi 14 days ago
Home Flash News