ഹോർമുസ് ഒഴിവാക്കാൻ പുതിയ വെസ്റ്റ്-ഈസ്റ്റ് എണ്ണ പൈപ്‌ലൈൻ പദ്ധതിയുമായി യുഎഇ; തന്ത്രപ്രധാന നീക്കം, കയറ്റുമതി ഇരട്ടിയാകും
അബുദാബി∙ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ യുഎഇ നിർമിക്കുന്ന പുതിയ വെസ്റ്റ്-ഈസ്റ്റ് എണ്ണ പൈപ്‌ലൈൻ പദ്ധതിയുടെ 50% ജോലികൾ പൂർത്തിയായതായി വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.
അബുദാബി കിരീടാവകാശിയും അഡ്‌നോക് ബോർഡ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ആഴ്ച നൽകിയ നിർദേശത്തെ തുടർന്നാണ് പദ്ധതിയുടെ നിർമാണം അതിവേഗത്തിലാക്കിയത്. അടുത്ത വർഷത്തോടെ പൈപ്‌ലൈൻ പൂർണ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
∙ കയറ്റുമതി ഇരട്ടിയാകും പുതിയ വെസ്റ്റ്-ഈസ്റ്റ് പൈപ്‌ലൈൻ യാഥാർഥ്യമാകുന്നതോടെ ഒമാൻ ഉൾക്കടൽ തീരത്തുള്ള ഫുജൈറ തുറമുഖം വഴി അഡ്‌നോക്കിന്റെ എണ്ണ കയറ്റുമതി ഇരട്ടിയായി വർധിക്കും. ഹബ്ഷാൻ-ഫുജൈറ പൈപ്‌ലൈൻ വഴി പ്രതിദിനം 18 ലക്ഷം ബാരൽ എണ്ണയാണ് നിലവിൽ കടത്തിവിടുന്നത്. ∙ തന്ത്രപ്രധാന നീക്കം ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് യുഎഇയുടെ ദീർഘകാല തന്ത്രം. 10 വർഷത്തിനു മുൻപ് തന്നെ ഇതിനായുള്ള അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ യുഎഇ ആരംഭിച്ചിരുന്നു. ആഗോള ഊർജ വിപണിയിലെ പ്രധാന ജലപാതകൾ ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രം ബന്ദിയാക്കാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുൽത്താൻ അൽ ജാബർ ചൂണ്ടിക്കാട്ടി.