പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇറാൻ സൈനിക ശക്തി വീണ്ടെടുക്കുന്നു, ഭീഷണിയെന്ന് യുഎസ് ഇന്റലിജൻസ്
വാഷിങ്ടൺ: പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇറാൻ അവരുടെ സൈനിക സംവിധാനങ്ങൾ പുനർനിർമിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഡ്രോൺ ഉത്പാദനവും പുനരാരംഭിച്ചതായി യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ കാലയളവിൽ യുഎസ് ആദ്യം പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് സൈനിക പുനർനിർമാണം നടക്കുന്നുതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
സംഘർഷത്തിൽ നശിപ്പിക്കപ്പെട്ട മിസൈൽ സൈറ്റുകൾ, ലോഞ്ചറുകൾ, പ്രധാന ആയുധ സംവിധാനങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള സൈനിക ശേഷിയുടെ പുനർനിർമ്മാണങ്ങളാണ് നടത്തുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം പുനരാരംഭിക്കാൻ തീരുമാനിച്ചാൽ പ്രാദേശിക സഖ്യകക്ഷികൾക്ക് ഇറാൻ കാര്യമായ ഭീഷണിയാകുമെന്നും ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ സൈനിക ശക്തികളെ പുനഃസ്ഥാപിക്കാനാകത്തവിധം ദുർബലപ്പെടുത്തിയെന്ന ട്രംപിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന വിവരങ്ങളാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിലുള്ളത്.
ആറ് മാസത്തിനുള്ളിൽ തങ്ങളുടെ ഡ്രോൺ ആക്രമണ ശേഷി പൂർണ്ണമായി പുനർനിർമ്മിക്കാൻ ഇറാന് കഴിയുമെന്നും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകളാണ് ഗൾഫ് രാജ്യങ്ങൾക്ക് കൂടുതൽ ഭീഷണി ഉയർത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ കരാറിലെത്തില്ലെങ്കിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസവും ഭീഷണി മുഴക്കിയിട്ടുണ്ട്.
റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ലഭിക്കുന്ന പിന്തുണ ഇറാന് ശേഷി വീണ്ടെടുക്കാനുള്ള പ്രധാന കാരണമാണ്.
കൂടാതെ യുഎസും ഇസ്രായേലും വിചാരിച്ചത്ര നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ലെന്നും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞയാഴ്ച നൽകിയ ഒരു അഭിമുഖത്തിൽ ചൈന ഇറാനു 'മിസൈൽ നിർമ്മാണത്തിനുള്ള ഘടകങ്ങൾ' നൽകുന്നുണ്ടെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഈ വാദം തള്ളുകയാണ് ഉണ്ടായത്.
രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകൾ സംബന്ധിച്ച് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു. രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കമാൻഡ് ചർച്ച ചെയ്യാറില്ലെന്ന് വക്താവ് പറഞ്ഞു.