ജീവൻമരണപ്പോരിൽ ഗുജറാത്തിനെതിരെ ചെന്നൈക്ക് നിർണായക ടോസ്; ടീമുകളിൽ മാറ്റം; നിരാശയോടെ ആരാധകർ, ധോണി ഇന്നും കളിക്കില്ല
അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് ഗുജറാത്തിനെതിരെ ഇറങ്ങുന്നത്. പ്രശാന്ത് വീറിന് പകരം മാത്യു ഷോര്‍ട്ടും അക്കീല്‍ ഹൊസൈന് പകരം ഗുജ്പനീത് സിംഗും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഗുജറാത്തും ഒരു മാറ്റം വരുത്തി. സ്പിന്നര്‍ സായ് കിഷോറിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ് മുമ്പ് അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യൻമാരായിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ്. അതേസമയം, പ്ലേ ഓഫ് ഉറപ്പിച്ച ശുഭ്‌മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത് ഒന്നാം ക്വാളിഫയറിലെ സ്ഥാനമാണ്.ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ ത്രയത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ റൺസ് പ്രതീക്ഷകള്‍. ബൗളിംഗ് നിരയെ നയിക്കാൻ കാഗിസോ റബാഡയും മുഹമ്മദ് സിറാജും റാഷിദ് ഖാനുമുണ്ട്. ചെപ്പോക്കിലെ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ചെന്നൈയ്ക്ക് സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും നല്ല തുടക്കം നൽകേണ്ടത് അനിവാര്യമാണ്.
ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, മാത്യു ഷോർട്ട്, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി, ഗുർജപ്നീത് സിംഗ്.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, കാഗിസോ റബാഡ, അർഷാദ് ഖാൻ, മുഹമ്മദ് സിറാജ്.