‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്
തിരുവനന്തപുരം: ‘അങ്കം അട്ടഹാസം’ എന്ന സിനിമയ്‌ക്കെതിരെ ചില വ്‌ളോഗര്‍മാരുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ഹേറ്റ് ക്യാമ്പയിനും നെഗറ്റീവ് റിവ്യൂകളും നടക്കുന്നിതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് യുവനടന്‍ മാധവ് സുരേഷ്. ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായ സിനിമയെ തകര്‍ക്കാന്‍ സൈബറിടങ്ങളില്‍ വ്യാപക ആക്രമണമാണ് നടക്കുന്നത്. വിഷയത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മാധവ് സുരേഷ് അറിയിച്ചു. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അച്ഛന്‍ സുരേഷ് ഗോപിയുടെ രാഷ്‌ട്രീയമാണോ കുഴപ്പമെന്ന് അറിയില്ല. പല കാര്യങ്ങളിലും കൃത്യമായ നിലപാടുള്ള തനിക്ക് രാജ്യവും സംസ്ഥാനവുമാണ് വലുത്. ചില തിയേറ്ററുകളില്‍ സിനിമ എത്തിയപ്പോള്‍ ചിത്രത്തിന്റെ ദൃശ്യമികവ് നഷ്ടപ്പെട്ടതില്‍ അസ്വാഭാവികതയുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല. സിനിമയെക്കുറിച്ചുള്ള ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ തന്റെ അമ്മയെയും പെങ്ങന്മാരെയും വരെ വലിച്ചിഴച്ച് വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല.
സിനിമയില്‍ താന്‍ തുടക്കക്കാരനാണ്. തെറ്റുകുറ്റങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ സിനിമയെ പൂര്‍ണമായി തകര്‍ക്കുന്നതിലൂടെ നിര്‍മ്മാതാക്കളുടെ വലിയ തുകയാണ് നഷ്ടപ്പെടുന്നത്. സിനിമയെ ബോധപൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ആളുകള്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും മാധവ് പറഞ്ഞു.