ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് 31ന് ഗതാഗത നിയന്ത്രണം; ചരക്കുവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല
കോട്ടയം ∙ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്റെ കോട്ടയം സന്ദർശനത്തോട് അനുബന്ധിച്ച് 31ന് ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടെന്ന് പൊലീസ് അറിയിച്ചു. 31ന് രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല.
നിയന്ത്രണങ്ങൾ
എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വന്ന് മെഡിക്കൽ കോളജ്, ഏറ്റുമാനൂർ, കുമരകം ഭാഗങ്ങളിലേക്ക് പോകേണ്ടവ സിമന്റ് കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറേച്ചാൽ ബൈപാസിലൂടെ പോകണം. ഇതേ റൂട്ടിൽ കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ടവ മണിപ്പുഴ ജംക്‌ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കെകെ റോഡ് വഴി പോകേണ്ട ബസുകൾ മണിപ്പുഴ ജംക്‌ഷനിലെത്തി കൊല്ലാട്– ദേവലോകം – കഞ്ഞിക്കുഴി ജംക്‌ഷനിലൂടെ യാത്ര തുടരുക.
നാഗമ്പടം സ്റ്റാൻഡിൽ നിന്ന് മണർകാട്, പുതുപ്പള്ളി, കൊല്ലാട് റൂട്ടിൽ പോകേണ്ട ബസുകൾ സീസേഴ്സ് ജംക്‌ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് മംഗളം ജംക്‌ഷൻ– വട്ടമൂട് പാലം– കഞ്ഞിക്കുഴി ജംക്‌ഷൻ വഴി പോകണം.
മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിൽ നിന്നുള്ള എല്ലാ വണ്ടികളും കഞ്ഞിക്കുഴി ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം– കൊല്ലാട് വഴി മണിപ്പുഴ ജംക്‌ഷനിലെത്തി യാത്ര തുടരണം.
മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽ നിന്നു ചങ്ങനാശേരിയിലേക്ക് പോകേണ്ടവ പട്ടിത്താനം ജംക്‌ഷനിൽ നിന്ന് ഏറ്റുമാനൂർ– മണർകാട് ബൈപാസ്, പുതുപ്പള്ളി വഴി പോകണം. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളജിലേക്ക് പോകേണ്ട വാഹനങ്ങളും മണർകാട് ബൈപാസ് ഉപയോഗിക്കണം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്ക് പോകേണ്ടവ കുടയംപടി– ചാലുകുന്ന് – അറുത്തൂട്ടി ജംക്‌ഷൻ– തിരുവാതുക്കൽ– പാറേച്ചാൽ ബൈപാസ് വഴി പോകണം.