മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ റഷ്യ; 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റിന് പുടിന്റെ പിന്തുണ
മോസ്കോ: പരീക്ഷണാത്മക ബയോമെഡിക്കൽ ഗവേഷണങ്ങളിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 26 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്തുണ നൽകുന്നതായി റിപ്പോർട്ട്. ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. മനുഷ്യ കോശങ്ങളുടെ 3D ബയോപ്രിന്റിംഗ്, ജനിതക വ്യതിയാനം വരുത്തിയ പന്നികളിൽ മനുഷ്യ അവയവങ്ങൾ വളർത്തിയെടുക്കുന്ന സെനോട്രാൻസ്പ്ലാന്റേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലാണ് ഈ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗവൺമെന്റ് ഫണ്ടിംഗ്, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ ശാസ്ത്ര ശൃംഖലകൾ എന്നിവയെ സംയോജിപ്പിച്ചുള്ള ദീർഘകാല ദേശീയ മുൻഗണനാ പദ്ധതിയായാണ് റഷ്യ ഇത് നടപ്പിലാക്കുന്നത്. ജെഫ് ബെസോസ്, സാം ആൾട്ട്മാൻ, ബ്രയാൻ ജോൺസൺ തുടങ്ങിയ ആഗോള വ്യവസായികൾ സമാനമായ ആയുർദൈർഘ്യ ഗവേഷണങ്ങൾക്ക് നിലവിൽ ധനസഹായം നൽകുന്നുണ്ട്. റഷ്യയുടെ പദ്ധതി വിജയിച്ചാൽ ഈ രംഗത്ത് വൻ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് റഷ്യയും എത്തും.
2024-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ജീൻ തെറാപ്പി, റീജനറേറ്റീവ് മെഡിസിൻ എന്നിവ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ 1.75 ലക്ഷം ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കുമെന്നാണ് ആഭ്യന്തര വിലയിരുത്തലെങ്കിലും ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മനുഷ്യന്റെ തരുണാസ്ഥി കോശങ്ങളും എലിയുടെ തൈറോയ്ഡ് ഗ്രന്ഥിയും ബയോപ്രിന്റിംഗിലൂടെ ഇതിനകം വിജയകരമായി നിർമ്മിക്കാൻ കഴിഞ്ഞതാണ് ഈ ഗവേഷണത്തിലെ ആദ്യകാല നേട്ടങ്ങൾ. ഈ ദശകത്തിന്റെ അവസാനത്തോടെ മനുഷ്യരിൽ പൂർണ്ണമായ അവയവമാറ്റ ശേഷി കൈവരിക്കുകയാണ് ഗവേഷകരുടെ ദീർഘകാല ലക്ഷ്യം. പുടിന്റെ മകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ വൊറോണ്ട്‌സോവ, ഫിസിസിസ്റ്റ് മിഖായേൽ കോവൽചുക്ക് എന്നിവർക്കാണ് പ്രൊജക്റ്റിന്റെ മേൽനോട്ടച്ചുമതല. ജീവശാസ്ത്ര-എഞ്ചിനീയറിംഗ് പുരോഗതിയിലൂടെ മനുഷ്യശരീരത്തിലെ അവയവങ്ങൾ പുനഃസ്ഥാപിക്കാനും മാറ്റിസ്ഥാപിക്കാനും കഴിയുമെന്ന് കോവൽചുക്ക് വ്യക്തമാക്കുന്നു. അമരത്വത്തെക്കുറിച്ച് ചർച്ച ചെയ്യുക പ്രയാസമാണെന്നും എന്നാൽ മനുഷ്യശരീരം പുനഃസ്ഥാപിക്കാനുള്ള കഴിവ് തീർച്ചയായും വർദ്ധിക്കുമെന്നും മിഖായേൽ കോവൽചുക്ക് റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കോവിഡ്-19 മഹാമാരിക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുൻപ് വലിയ രീതിയിൽ വിമർശനം നേരിട്ട വ്യക്തിയാണ് കോവൽചുക്ക്.
നിലവിൽ 73 വയസ്സുള്ള വ്ലാഡിമിർ പുടിൻ തന്റെ കായികക്ഷമത നിലനിർത്താൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നയാളാണ്. കോവിഡ് സമയത്ത് കർശനമായ ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്ന അദ്ദേഹം, ശരീരം കടുത്ത തണുപ്പിൽ ക്രമീകരിക്കുന്ന ക്രയോതെറാപ്പി പോലുള്ള ആരോഗ്യരീതികളിൽ താല്പര്യം കാണിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അവയവമാറ്റത്തിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി പുടിൻ ചർച്ച നടത്തിയതായും വാൾ സറ്റ്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.