Select Location
All Locations
State
Region
City / District
വീണ്ടും തിരിച്ചടി; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി,ഹോട്ടൽ ഭക്ഷണത്തിന് വില ഉയർന്നേക്കും

വീണ്ടും തിരിച്ചടി; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി,ഹോട്ടൽ ഭക്ഷണത്തിന് വില ഉയർന്നേക്കും

ഡൽഹി: രാജ്യത്ത് വീണ്ടും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഉയർന്ന ഇന്ധന-ഗതാഗത ചെലവുകൾക്കിടെയാണ് പുതിയ വിലവർധനവ്. ഇതോടെ ഹോട്ടൽ, ഭക്ഷ്യ മേഖലകളിലെ പ്രവർത്തനച്ചെലവ് വീണ്ടും ഉയരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെയും വിവിധ സേവനങ്ങളുടെയും വിലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

ഡൽഹിയിൽ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചതോടെ വില 3,113.50 രൂപയായി. കൊൽക്കത്തയിൽ 53.50 രൂപയുടെ വർധനവോടെ 3,255.50 രൂപയിലെത്തി. അഞ്ച് കിലോ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾക്കും 11 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇതിന്റെ പുതിയ വില 821.50 രൂപയാണ്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയിൽ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായിരുന്നു. അഞ്ച് മാസത്തിനിടെ അത് ഏകദേശം ഇരട്ടിയായി ഉയർന്ന് 3,113.50 രൂപയിലെത്തി. ഫെബ്രുവരിയിൽ 49 രൂപയും മാർച്ചിൽ 115 രൂപയും വർധിച്ചിരുന്നു. ഏപ്രിലിൽ മാത്രം 993 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലും വില ഉയർന്നു. ജൂണിൽ വീണ്ടും നിരക്ക് കൂട്ടിയതോടെ വാണിജ്യ ആവശ്യങ്ങൾക്കായി എൽപിജി ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. മുംബൈയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3,024.50 രൂപയാണ്. ചെന്നൈയിൽ ഇത് 3,232 രൂപയായി. ഹൈദരാബാദിൽ 3,294 രൂപയും പട്നയിൽ 3,322 രൂപയുമാണ് പുതിയ നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സമാനമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ആഭ്യന്തര വിപണിയിലെ ഘടകങ്ങളേക്കാൾ ആഗോള ഊർജ്ജ മേഖലയിലെ പ്രതിസന്ധികളാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഗൾഫ് മേഖലയിലെ പിരിമുറുക്കങ്ങളും എൽപിജി വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില ഉയർന്നു. ആവശ്യമായ അളവിൽ കാർഗോകൾ ലഭ്യമാക്കുന്നതും വെല്ലുവിളിയായി. ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുകയാണ്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചാണ് രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ വലിയ തോതിൽ നിറവേറ്റപ്പെടുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും വിതരണത്തിലെ തടസ്സങ്ങളും ആഭ്യന്തര വിപണിയിലും നേരിട്ട് പ്രതിഫലിക്കും. എൽപിജിക്ക് മുമ്പ് സിഎൻജിയുടെ വിലയും ഉയർന്നിരുന്നു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചതോടെ സിഎൻജി നിരക്ക് 83.09 രൂപയായി. മെയ് 15 മുതൽ രണ്ടാഴ്ചയ്ക്കിടെ മാത്രം ആറ് രൂപയുടെ വർധനവാണ് ഉണ്ടായത്. 

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് പെട്രോളിന് ലിറ്ററിന് 7.35 രൂപയും ഡീസലിന് 7.53 രൂപയും വർധിച്ചിരുന്നു. ഗതാഗതച്ചെലവും പാചക ഇന്ധനച്ചെലവും ഒരുമിച്ച് ഉയരുന്നത് ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് വലിയ വെല്ലുവിളിയാണ്. ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രധാന ചെലവുകളിലൊന്നാണ് പാചകവാതകം. കാറ്ററിങ് യൂണിറ്റുകൾ, ബേക്കറികൾ, ഫുഡ് ഡെലിവറി കിച്ചണുകൾ തുടങ്ങിയ സ്ഥാപനങ്ങളെയും ഈ വർധനവ് നേരിട്ട് ബാധിക്കും. വാണിജ്യ എൽപിജി വില ഉയരുന്നതോടെ ഭക്ഷ്യ ഉൽപാദനച്ചെലവും വർധിക്കും. ഇതോടെ പല സ്ഥാപനങ്ങൾക്കും ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടുകയോ സേവന നിരക്കുകളിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. ഈ അധികഭാരം ഒടുവിൽ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് വിലയിരുത്തൽ. വിതരണവുമായി ബന്ധപ്പെട്ട ഭാവി പ്രതിസന്ധികൾ കുറയ്ക്കാനും ഊർജ സുരക്ഷ ഉറപ്പാക്കാനുമായി 30 ദിവസത്തെ ആവശ്യത്തിന് മതിയായ എൽപിജി ശേഖരം നിലനിർത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.


One India Malayalam 51 minutes ago
Home Flash News