Select Location
All Locations
State
Region
City / District
ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് 4 മണിക്കൂര്‍ കൊണ്ടെത്താം; 343 കി.മി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നു

ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് 4 മണിക്കൂര്‍ കൊണ്ടെത്താം; 343 കി.മി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നു

ബെംഗളൂരു-കടപ്പ-വിജയവാഡ എക്കണോമിക് കോറിഡോറിന്റെ ഭാഗമായ നാഷണല്‍ ഹൈവേ-544 ജി (NH-544G) ഗ്രീന്‍ഫീല്‍ഡ് ഹൈവേ, കടപ്പ ജില്ലയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനം നല്‍കും. ആറു വരിപ്പാതയുള്ള, പ്രവേശന നിയന്ത്രിതമാ. ഈ ഹൈവേ ബെംഗളൂരുവിനും വിജയവാഡക്കുമിടയിലെ യാത്രാനുഭവം മെച്ചപ്പെടുത്തും. കൊടികോണ്ട ചെക്ക്-പോസ്റ്റിനടുത്തുള്ള കൊടൂര്‍ ഗ്രാമത്തില്‍ നിന്നാണ് ഈ പാത ആരംഭിക്കുന്നത്.

ശ്രീ സത്യസായി, YSR കടപ്പ, SPSR നെല്ലൂര്‍, പ്രകാശം, ബാപ്പട്‌ല എന്നീ അഞ്ച് ജില്ലകളിലൂടെ കടന്നുപോകുന്നു. അഡ്ഡങ്കിക്ക് സമീപമുള്ള മുപ്പാവാരം ഗ്രാമത്തിലാണ് റോഡ് അവസാനിക്കുന്നത്. എന്‍എച്ച് 44 (ബെംഗളൂരു-ഹൈദരാബാദ്), എന്‍എച്ച് 16 (ചെന്നൈ-വിജയവാഡ) എന്നീ ദേശീയപാതകളെ ഇത് ബന്ധിപ്പിക്കുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ആണ് NH-544G ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

343.24 കി.മീ. ആണ് ദൈര്‍ഘ്യം. ഈ പദ്ധതി ബെംഗളൂരു-വിജയവാഡ യാത്രാദൂരം 110 കി.മീ കുറയ്ക്കുകയും, യാത്രാ സമയം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ലാഭിക്കുകയും ചെയ്യും. കടപ്പ ജില്ലയ്ക്കാണ് പദ്ധതിയില്‍ നിന്നും വലിയ പ്രയോജനം ലഭിക്കുക. പുലിവാണ്ടല, വേമുല, വേംപള്ളി, വി.എന്‍.പള്ളി, യെറഗുണ്ട്‌ല, കമലാപുരം, ചപ്പാഡു, മൈദുകുരു, ബി.മഠം, ബി.കൊടൂര്‍, പൊറുമാമില്ല എന്നീ 12 മണ്ഡലങ്ങളിലൂടെ 123.5 കി.മീ ഹൈവേ കടന്നുപോകുന്നു.

ആറ് നിര്‍മ്മാണ പാക്കേജുകളിലായി കടപ്പയിലെ പദ്ധതിക്ക്5,377.72 കോടി രൂപ ചെലവ് വരുമെന്ന് ജില്ലാ കളക്ടര്‍ ശ്രീധര്‍ ചെറുകുരി അറിയിച്ചു. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തിലാണ്. കടപ്പ ജില്ലയില്‍ മാത്രം 1,020 ഹെക്ടര്‍ ഉള്‍പ്പെടെ 2,750 ഹെക്ടര്‍ ഭൂമി ഇതിനകം ഏറ്റെടുത്തു. 14 പാക്കേജുകളായി തിരിച്ചിട്ടുള്ള പദ്ധതിയുടെ നിര്‍മ്മാണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.

സ്റ്റേജ്-II വനം, വന്യജീവി അനുമതികള്‍ 2025 മാര്‍ച്ചില്‍ ലഭിച്ചു. 'ഈ മികച്ച പദ്ധതിയിലൂടെ ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇനി ഹിന്ദുപുരം, കൊപ്പര്‍ത്തി (കടപ്പ) വ്യാവസായിക കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനം ലഭിക്കും,' എന്ന് ടിഡിപി മുന്‍ പോളിറ്റ് ബ്യൂറോ അംഗവും ഹിന്ദുപുരം, അനന്തപൂരം മണ്ഡലങ്ങളുടെ സോണല്‍ കോര്‍ഡിനേറ്ററുമായ ആര്‍. ശ്രീനിവാസ റെഡ്ഡി അഭിപ്രായപ്പെട്ടു.

ഈ ഇടനാഴിയില്‍ ആധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനവും ക്ലോസ്ഡ് ടോളിംഗ് രീതിയും ഒരുക്കും. വാഹനങ്ങള്‍ ഉപയോഗിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ ഈടാക്കുന്ന സംവിധാനമാണിത്. ഹൈവേയിലേക്കുള്ള 17 ഇന്റര്‍ചേഞ്ചുകളില്‍ ഏഴെണ്ണവും കടപ്പയിലാണ്. ടോയ്ലറ്റുകള്‍, റെസ്റ്റോറന്റുകള്‍, ഇന്ധന സ്റ്റേഷനുകള്‍, ട്രക്ക്, ട്രെയിലര്‍ പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള 18 യാത്രാ സൗകര്യങ്ങളില്‍ നാലെണ്ണം കടപ്പയില്‍ സജ്ജമാക്കും.


One India Malayalam 49 minutes ago
Home Flash News