ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍
ന്യൂദല്‍ഹി: ഭാരത-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) പ്രാബല്യത്തില്‍ വന്നു. 2025 ഡിസംബര്‍ 18ന് മസ്‌കറ്റില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിയും ചേര്‍ന്ന് ഒപ്പുവച്ച കരാറാണ് ആഭ്യന്തര പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും ഭാരതത്തിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ സാലിഹ് അല്‍ ഷിബാനിയുടെയും സാന്നിധ്യത്തിലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാര്‍ നിലവില്‍ വന്നതിന്റെ ഭാഗമായി മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങളും സ്വര്‍ണ-രത്‌ന ആഭരണങ്ങളും അടങ്ങുന്ന ആദ്യ 10 ബാച്ച് ചരക്കുകള്‍ പ്രത്യേക നികുതിയിളവുകളോടെ ഭാരതത്തില്‍ നിന്ന് കപ്പലില്‍ ഒമാനിലേക്ക് പുറപ്പെട്ടു. ഗള്‍ഫ് മേഖലയിലെ ഭാരതത്തിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാന്‍. ഭാരതവും ഒമാനും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വഴി ടെക്‌സ്റ്റൈല്‍സ്, ലെതര്‍, പ്ലാസ്റ്റിക്, സമുദ്രോല്‍പന്നങ്ങള്‍, ഓട്ടോമൊബൈല്‍, കായിക വിനോദ സാമഗ്രികള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഭാരത കയറ്റുമതിക്കാര്‍ക്ക് ഒമാന്‍ വിപണിയില്‍ പ്രത്യേക നികുതി ഇളവുകളോടെ വലിയ മുന്‍ഗണന ലഭിക്കുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
അതേസമയം ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസങ്ങള്‍ ആഗോള വ്യാപാരത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഭാരതത്തിന് ഒമാനുമായുള്ള ഈ കരാര്‍ ഏറെ നിര്‍ണായകമാണ്. ഒമാനിലേക്കുള്ള ഭൂരിഭാഗം ഭാരത കയറ്റുമതികള്‍ക്കും ഇനിമുതല്‍ നികുതിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ കരാര്‍ പ്രകാരം ഒമാനിലേക്കുള്ള ഭാരതത്തിന്റെ 99 ശതമാനത്തിലധികം കയറ്റുമതി ഉല്‍പന്നങ്ങള്‍ക്കും ഇനി മുതല്‍ ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല. മുന്‍പ് വെറും 15 ശതമാനം ഉല്‍പന്നങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോള്‍ ഭൂരിഭാഗം മേഖലകളിലേക്കും വ്യാപിപ്പിച്ചത്. ടെക്‌സ്‌റ്റൈല്‍സ്, ലെതര്‍, ആഭരണങ്ങള്‍, മരുന്നുകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഭാരത മേഖലകള്‍ക്ക് ഈ നികുതിയിളവ് വലിയ വിപണി സാധ്യതകള്‍ തുറന്നുനല്‍കും.