ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി
കൊച്ചി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതത്തിന്റെ കയറ്റുമതി 73,890.46 കോടി (8.46 ബില്യണ്‍) യിലെത്തിയതായി കേന്ദ്ര സമുദ്ര കയറ്റുമതി വികസന അതോറിറ്റി (എംപിഇ ഡിഎ) ചെയര്‍മാന്‍ പി. ജവഹര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19,72,018 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ആഗോള പ്രതിസന്ധികള്‍ക്കിടയിലും അളവിലും മൂല്യത്തിലും ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് പി. ജവഹര്‍ പറഞ്ഞു. അളവിലും മൂല്യത്തിലും ഏറ്റവും കൂടുതല്‍ കയറ്റുമതി ഇനമായിരുന്നു ശീതീകരിച്ച ചെമ്മീന്‍. അതേസമയം ഭാരതത്തിന്റെ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍ അമേരിക്കയും ചൈനയുമാണ്. സമുദ്രോത്പന്ന കയറ്റുമതിയില്‍ ശീതീകരിച്ച ചെമ്മീനാണ് ഒന്നാം സ്ഥാനത്ത്. ഇതില്‍ നിന്ന് 49,037.93 കോടി വരുമാനം നേടി. 2025-26 കാലയളവില്‍ ശീതീകരിച്ച ചെമ്മീനിന്റെ ആകെ കയറ്റുമതി 7,92,647 മെട്രിക് ടണ്‍ ആയിരുന്നു. അമേരിക്ക 2,56,128 മെട്രിക് ടണ്‍ ശീതീകരിച്ച ചെമ്മീന്‍ ഇറക്കുമതി ചെയ്തു. തൊട്ടുപിന്നാലെ ചൈന 1,69,505 മെട്രിക് ടണ്‍, യൂറോപ്യന്‍ യൂണിയന്‍ 1,35,599 മെട്രിക് ടണ്‍, തെക്കുകിഴക്കന്‍ ഏഷ്യ 83,810 മെട്രിക് ടണ്‍, ജപ്പാന്‍ 40,776 മെട്രിക് ടണ്‍, മിഡില്‍ ഈസ്റ്റ് 30,478 മെട്രിക് ടണ്‍, മറ്റ് എല്ലാ രാജ്യങ്ങളും ചേര്‍ന്ന് 76,351 മെട്രിക് ടണ്‍ എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്തത്. എല്‍. വനാമി, ബ്ലാക്ക് ടൈഗര്‍ ചെമ്മീന്‍ എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം 5,658.37 കോടിയുടെ വരുമാനം നേടി. മൂന്നാമത്തെ വലിയ കയറ്റുമതി ഗ്രൂപ്പായ ഉണക്കിയ മത്സ്യം 5,079.09 കോടി നേടി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 78.05% കയറ്റുമതി വര്‍ദ്ധിച്ചു. ശീതീകരിച്ച കൂന്തള്‍ കയറ്റുമതി 1,02,060 മെട്രിക് ടണ്ണിലെത്തി. ശീതീകരിച്ച കണവയുടെ അളവിലും മൂല്യത്തിലും വളര്‍ച്ചയുണ്ടായി. മൊത്തം കയറ്റുമതി 67,157 മെട്രിക് ടണ്ണായി. ഐസില്‍ ഇട്ട മത്സ്യ ഇനങ്ങളുടെ കയറ്റുമതിയില്‍ നിന്ന് 622.31 കോടി വരുമാനം ലഭിച്ചു. ജീവനുള്ള ഇനങ്ങളുടെ കയറ്റുമതിയില്‍ 11.46% വളര്‍ച്ച (62.43 മില്യണ്‍) കൈവരിച്ചു.