ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍
ന്യൂദല്‍ഹി: ഭാരതത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി വരുത്തി സീ എന്റര്‍ടെയിന്‍മെന്റ്‌സ്. ഫിഫ ലോകകപ്പ് 2026ലെ മത്സരങ്ങളെല്ലാം സീ5ല്‍ തത്സമയം കാണാന്‍ സാധിക്കും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സീ ഫിഫയില്‍ നിന്നും സംപ്രേഷണാവകാശം നേടിയെടുത്തത്. സീ എന്റര്‍ടെയിന്‍മെന്റ് പുതുതായി നാല് സ്‌പോര്‍ട്‌സ് ചാനലുകളാണ് ആരംഭിക്കാനിരിക്കുന്നത്. അതില്‍ ഒന്നായ യുണൈറ്റ് 8 സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ആണ് ലോകകപ്പ് ഫുട്‌ബോളിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫിഫ ഗവേണിങ് ബോഡിയുമായി സീ എന്റര്‍ടെയിന്‍മെന്റ് ധാരണയിലെത്തിയിരിക്കുന്നത് എട്ട് വര്‍ഷത്തെ കരാറിനാണ്. 2030ല്‍ നടക്കുന്ന അടുത്ത ലോകകപ്പും 2027 വനിതാ ലോകകപ്പും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഈ കാലയളവില്‍ ഫിഫ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യാനുള്ള ബാധ്യത സീ എന്റര്‍ടെയിന്‍മെന്റിനായിരിക്കും. കരാര്‍ 30-35 ദശലക്ഷം ഡോളറിനായിരിക്കുമെന്ന്(ഏകദേശം 320 കോടി ഇന്ത്യന്‍ രൂപ) റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത് ഭീമമായ തുകയാണ്, അര്‍ദ്ധ രാത്രിയും കഴിഞ്ഞ് നടക്കുന്ന മത്സരങ്ങള്‍ക്ക് കാഴ്‌ച്ചക്കാരുണ്ടിവില്ലെന്ന കാരണത്താലാണ് ജിയോ ഹോട്‌സ്റ്റാര്‍ അടക്കമുള്ളവര്‍ ഇത്രയും വലിയ തുക മുടക്കാന്‍ തയ്യാറാകാതിരുന്നത്. സംപ്രേഷണാവകാശത്തിന് ഫിഫ ആദ്യം മുന്നോട്ട് വച്ച കാര്‍ തുക നൂറ് കോടി ദശലക്ഷം ഡോളര്‍ ആയിരുന്നു. അതില്‍ നിന്നും പരമാവധി കുറക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 35 കോടിയേക്ക് വരെ താഴ്ന്നതായാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. കഴിഞ്ഞ തവണത്തെ ഖത്തര്‍ ലോകകപ്പ് സംപ്രേഷണ ചെയ്ത ജിയോ ഇത്തവണ 20 ദശലക്ഷം ഡോളര്‍ വരെ മുടക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഫിഫ വീണ്ടും വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറല്ലെന്ന് കണ്ടതോടെ പിന്‍മാറുകയായിരുന്നു. ഇതോടെ സീ എന്റര്‍ടെയിന്‍മെന്റ് മാത്രമായി. ഇവര്‍ സംപ്രേഷണാവകാശം ഏറെക്കുറേ ഉറപ്പിച്ചതായി ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. എന്നാല്‍ അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നത് ഇന്നലെയാണ്.
48 ടീമുകള്‍ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് ഫിഫ തയ്യാറെടുക്കുന്നത്. പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന 104 മത്സരങ്ങളും സീ5ലൂടെ ഭാരതത്തിലുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് തത്സമയം കാണാന്‍ സാധിക്കും. ആടുത്ത വ്യാഴാഴ്‌ച്ച രാത്രി 12.30നാണ് കിക്കോഫ് പോരാട്ടം.