Select Location
All Locations
State
Region
City / District
തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

പുതിയ വിപണികള്‍ തുറന്നും തൊഴിലവസരങ്ങള്‍ ത്വരിതപ്പെടുത്തിയും ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും സമൃദ്ധിയുടെ ആഗോള പാതയൊരുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യത്തിലെ നിര്‍ണായക നാഴികക്കല്ലാണ് ജൂണ്‍ 1 ന് പ്രാബല്യത്തില്‍ വന്ന ഭാരതം-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍. ഇരുനൂറോ മുന്നൂറോ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാര കുടുംബങ്ങളടക്കം ഏകദേശം 7 ലക്ഷത്തോളം ഭാരതീയര്‍ വസിക്കുന്ന ഒമാനുമായി ഭാരതത്തിന് ആഴമേറിയ സാമ്പത്തിക-ജനകീയ ബന്ധമുണ്ട്. ഒമാനില്‍നിന്ന് പ്രവാസികള്‍ പ്രതിവര്‍ഷം ഏകദേശം 2 ബില്യണ്‍ ഡോളറോളം തുകയാണ് സ്വദേശത്തേക്ക് അയക്കുന്നത്. ഒപ്പം ആറായിരത്തിലേറെ ഭാരതീയ സംരംഭങ്ങളും ഒമാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഒമാനിലെ 99.38 ശതമാനം കയറ്റുമതിയും ഉള്‍ക്കൊള്ളുന്ന 98 ശതമാനം തീരുവ നിരക്കുകളിലും ഉടനടി 100 ശതമാനം നികുതിരഹിത വിപണി പ്രവേശനം കരാര്‍ നല്‍കുന്നു. കരാര്‍ നിലവില്‍ വരുന്നതിന് മുന്‍പ് ഇന്ത്യന്‍ കയറ്റുമതിയുടെ 15.3 ശതമാനം മാത്രം നികുതിരഹിതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ച സംവിധാനത്തെ അപേക്ഷിച്ച് മികച്ച പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. നിലവില്‍ ഒമാനില്‍ 5 ശതമാനം ഇറക്കുമതി നികുതി ബാധകമായ ഏകദേശം 3.64 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ഇന്ത്യന്‍ കയറ്റുമതി ഉല്പന്നങ്ങള്‍ ഇനി വിപണിയില്‍ ഗണ്യമായ മത്സരക്ഷമത കൈവരിക്കും.

ഭാരതത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു പരിവര്‍ത്തനത്തിന് ഈ കരാര്‍ വഴിയൊരുക്കും. കരാറിലൂടെ നേട്ടമുണ്ടാക്കുന്ന പല മേഖലകളിലും ചെറുകിട വ്യവസായങ്ങള്‍ക്കാണ് ആധിപത്യം. ഇരുമ്പ്-ഉരുക്ക്, തുണിത്തരങ്ങള്‍, തുകല്‍, വാഹന ഘടകങ്ങള്‍, വ്യാവസായിക ഉപകരണങ്ങള്‍ എന്നിവ എംഎസ്എംഇ-കള്‍ക്ക് വലിയ അന്താരാഷ്‌ട്ര ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളില്‍ ചിലതാണ്. ഉല്പാദനവും നിക്ഷേപവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വര്‍ധിച്ചുവരുന്ന ആഗോള അസ്ഥിരതയുടെ കാലത്ത് സാമ്പത്തിക മാന്ദ്യവും കൂടിവരുന്ന വ്യാപാര തടസ്സങ്ങളും നേരിടുന്ന പരമ്പരാഗത വിപണികളിലെ ആശ്രിതത്വം കുറയ്‌ക്കാനും സ്വന്തം വിപണികള്‍ വൈവിധ്യവത്കരിക്കാനും ഭാരതീയ കയറ്റുമതിക്കാര്‍ക്ക് ഈ വ്യാപാര കരാര്‍ നിര്‍ണായക അവസരം നല്‍കുന്നു. ഭാരതത്തിലെ ജനങ്ങള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നല്‍കുന്ന തുണിത്തര – വസ്ത്ര നിര്‍മാണം, തുകലും പാദരക്ഷകളും, ഭക്ഷ്യസംസ്‌കരണം, കടല്‍ വിഭവങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും, തിരഞ്ഞെടുത്ത എന്‍ജിനീയറിങ് വിഭാഗങ്ങള്‍ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകള്‍ക്ക് ഈ വ്യാപാര കരാര്‍ ഗുണം ചെയ്യും.

ഒമാനിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നത് ഉല്പാദനം കൂട്ടുന്നതിനൊപ്പം തിരുപ്പൂര്‍, സൂറത്ത്, ലുധിയാന, പാനിപ്പട്ട്, കോയമ്പത്തൂര്‍, കരൂര്‍, ഭദോഹി, മൊറാദാബാദ്, ജയ്‌പൂര്‍, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഉല്പാദന കേന്ദ്രങ്ങളിലുടനീളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്വന്തം ഉല്പന്നങ്ങളുടെ ഉയര്‍ന്ന അന്താരാഷ്‌ട്ര ആവശ്യകത ഭാരതത്തിലെ കരകൗശല വിദഗ്ധര്‍ക്കും നെയ്‌ത്തുകാര്‍ക്കും ഗുണംചെയ്യും. ഭാരതത്തിലെ പ്രധാന തുകല്‍, പാദരക്ഷ ഉല്പാദനകേന്ദ്രങ്ങളായ തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും മഹാരാഷ്‌ട്ര, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ തൊഴില്‍ വളര്‍ച്ചയെ എങ്ങനെ ത്വരിതപ്പെടുത്തുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് രത്‌ന-ആഭരണ മേഖല. രൂപഭംഗി വരുത്തി മിനുക്കിയ വജ്രങ്ങള്‍, സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍, കൈകൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍ എന്നിവയുടെ ഉല്പാദനത്തില്‍ ഭാരതത്തിന് കരുത്തുറ്റ ശേഷിയുണ്ട്. തീരുവ തടസ്സങ്ങള്‍ നീങ്ങുന്നതോടെ യൂറോപ്യന്‍, ഏഷ്യന്‍ എതിരാളികള്‍ക്കെതിരെ ഭാരതീയ കയറ്റുമതിക്കാര്‍ക്ക് നിര്‍ണായക മത്സര നേട്ടം ലഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒമാനിലേക്ക് 150 ദശലക്ഷം യു.എസ് ഡോളര്‍ വരെ കയറ്റുമതി വര്‍ധനയാണ് ഈ വ്യാവസായിക മേഖല കണക്കാക്കുന്നത്. പശ്ചിമ ബംഗാള്‍, തമിഴ്നാട്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ആഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ ഈ വ്യാപാരക്കരാര്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 കര്‍ഷകരും മത്സ്യത്തൊഴിലാളികളും – ആഭ്യന്തര കര്‍ഷകരെയും തന്ത്രപ്രധാന കാര്‍ഷിക താല്പര്യങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗോതമ്പ്, അരി, ചോളം, ചെറുധാന്യങ്ങള്‍, ക്ഷീരോല്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, ചായ, കാപ്പി, തേന്‍ തുടങ്ങിയ പ്രധാന ഉല്പന്നങ്ങള്‍ക്ക് ഭാരതം യാതൊരുവിധ നികുതി ഇളവുകളും നല്‍കിയിട്ടില്ല. വെണ്ണ, തേന്‍, മധുര ബിസ്‌ക്കറ്റുകള്‍, മുട്ടകള്‍, ചില മിഠായി ഉല്പന്നങ്ങള്‍ എന്നിവയില്‍ ഭാരതത്തിന് നേട്ടം ലഭിക്കും. രാജ്യത്തെ കാര്‍ഷിക വിളകളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നതോടെ ഗ്രാമീണ വരുമാനം ഉയരും. ഭാരതത്തിന്റെ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (ജൈവോല്‍പ്പന്നങ്ങള്‍ക്കായുള്ള ദേശീയ പദ്ധതി) സര്‍ട്ടിഫിക്കേഷന്‍ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. വലിയൊരു ഭക്ഷ്യ ഇറക്കുമതി രാജ്യമായ ഒമാനിലേക്ക് ജൈവോല്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരങ്ങള്‍ നല്‍കും. കടല്‍ വിഭവങ്ങള്‍ക്ക് ഇനിയും പ്രയോജനപ്പെടുത്താത്ത വലിയ സാധ്യതകളുണ്ട്. 2022-നും 2024-നുമിടയില്‍ ഒമാന്റെ കടല്‍ വിഭവ ഇറക്കുമതി ഏകദേശം 119 ദശലക്ഷം ഡോളറിന്റേതായിരുന്നു. എന്നാല്‍ ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്തത് 7.75 ദശലക്ഷം ഡോളറിന്റെ ഉല്പന്നങ്ങള്‍ മാത്രമാണ്. ചെമ്മീന്‍, ശീതീകരിച്ച കടല്‍ക്കൂന്തല്‍ തുടങ്ങിയ കടല്‍വിഭവങ്ങളുടെ കയറ്റുമതിക്ക് ഇത് വലിയ അവസരങ്ങള്‍ നല്‍കുന്നു. ഈ തൊഴിലധിഷ്ഠിത കടല്‍വിഭവ വ്യവസായം മത്സ്യബന്ധനത്തിലും സംസ്‌കരണത്തിലും പാക്കേജിങിലും ശീതീകരിച്ച ചരക്കുനീക്ക സംവിധാനത്തിലും കയറ്റുമതി പ്രവര്‍ത്തനങ്ങളിലുമെല്ലാം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഭാരതത്തിന്റെ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങള്‍ക്കും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വിപുലമായ അവസരങ്ങളൊരുക്കും. പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ സംയുക്ത ഗവേഷണം കരാര്‍ വ്യവസ്ഥ ചെയ്യുന്നു.


Janmabhumi 52 minutes ago
Home Flash News