ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഭൂപ്രദേശം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇന്ത്യയും മ്യാൻമറും
വ്യാപാരം, സാമ്പത്തികം, പ്രതിരോധം, സുരക്ഷ, അതിർത്തി മാനേജ്‌മെന്റ് തുടങ്ങിയ ഉഭയകക്ഷി വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങും വിശദമായ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കായി മണ്ണു വിട്ടുകൊടുക്കില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങും ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ മേഖലകളെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ, പ്രതിരോധ-സുരക്ഷാ സംബന്ധമായ വിഷയങ്ങൾ, അതിർത്തി മാനേജ്‌മെന്റ്, വികസന സഹായങ്ങൾ, സാംസ്‌കാരിക കൈമാറ്റങ്ങൾ, പ്രാദേശിക സാഹചര്യം എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടു. നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇരുപക്ഷവും പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം, വികസന സഹായം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജ്ജം എന്നീ മേഖലകളിൽ കൂടുതൽ അടുത്ത സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചതായി അറിയിച്ചു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന് കണക്റ്റിവിറ്റിയുടെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു പറയുകയും, 'കലദാൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട്' പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു.
മ്യാൻമറിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഉള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. തങ്ങളുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ഭൂപ്രദേശം ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി മ്യാൻമറിന്റെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ഉറപ്പ് മ്യാൻമർ പ്രസിഡന്റ് ആവർത്തിച്ചു.
ഇന്ത്യയുമായി 1643 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സുപ്രധാനമായ ഒരു അയൽരാജ്യമാണ് മ്യാൻമറെന്ന് മിസ്രി പറഞ്ഞു. ഇന്ത്യയുടെ 'നെയ്‌ബർഹുഡ് ഫസ്റ്റ്' (അയൽരാജ്യങ്ങൾക്ക് മുൻഗണന), 'ആക്റ്റ് ഈസ്റ്റ്' (കിഴക്കോട്ട് നോക്കൂ നയം), അതുപോലെ 'മഹാസാഗർ' (MAHASAGAR), ഇൻഡോ-പസഫിക് നയങ്ങളുടെ സംഗമസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവിൽ 2 ബില്യൺ ഡോളറിലധികമാണ്.
നിർണായക ധാതുക്കളുടെയും അപൂർവ മൂലകങ്ങളുടെയും മേഖലകളിൽ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇന്നത്തെ ചർച്ചകളിൽ ഈ വിഷയങ്ങൾ ഉയർന്നുവന്നതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇരു സർക്കാരുകളും ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങളും ഈ വിഷയങ്ങളിൽ നിരന്തരം ബന്ധപ്പെടുകയും ഈ മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന ധാരണയിലെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു ചോദ്യത്തിന് മറുപടിയായി, മ്യാൻമറിന്റെ മുൻ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചിയുടെ വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചതായും മ്യാൻമറിൽ കുറച്ചുകാലമായി നടന്നുവരുന്ന സമാധാന പ്രക്രിയയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ചയെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മ്യാൻമറുമായുള്ള ഇന്ത്യയുടെ ഇടപെടൽ ആ രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ ക്രമീകരണങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തലല്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ജനാധിപത്യം, സമാധാന പ്രക്രിയ, ഉൾപ്പെടുത്തൽ, കൂടാതെ ചർച്ചകളിൽ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ എപ്പോഴും തങ്ങളുടെ ചിന്തകൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുർമു മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങിനെ രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു. പങ്കിട്ട ബുദ്ധമത പൈതൃകവും നൂറ്റാണ്ടുകൾ പഴക്കമുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധവും ഇന്ത്യ-മ്യാൻമർ ബന്ധത്തിന് സവിശേഷമായ ഊഷ്മളത നൽകുന്നുവെന്ന് രാഷ്ട്രപതി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് മ്യാൻമറെന്നും രാഷ്ട്രപതി പറഞ്ഞു. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള മ്യാൻമറിന്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഉറച്ച പിന്തുണയും അവർ അറിയിച്ചു.