മോദി നല്ല സുഹൃത്തെന്ന് ട്രംപ്; ഉയർന്ന തീരുവയിലൂടെ ഇന്ത്യ കാലങ്ങളായി നേട്ടമുണ്ടാക്കിയെന്നും ആരോപണം
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി തന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞ ട്രംപ്, അദ്ദേഹവുമായുള്ള സൗഹൃദം ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു വ്യാപാര കരാറിലെത്താൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം വർഷങ്ങളായി ഇന്ത്യ, യുഎസുമായുള്ള വ്യാപാര ബന്ധത്തിൽ നിന്ന് ഉയർന്ന താരിഫുകൾ വഴി നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. എന്നാൽ അമേരിക്ക തീരുവ ചുമത്തുകയും പുതിയ നയങ്ങൾ കൊണ്ടുവരുകയും ചെയ്തതോടെ ഈ സാഹചര്യം മാറിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിനും നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങൾക്കിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന. വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5% അധിക നികുതി ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ആശങ്ക ഉയർത്തുന്നുണ്ട്. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങളുടെ മേലുള്ള നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ജൂൺ ഒന്നു മുതൽ നാല് വരെ ന്യൂഡൽഹിയിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വിപുലമായ ചർച്ചകൾ നടത്തി. ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടികൾ, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കരാർ അതിന്റെ അന്തിമ ഘട്ടത്തിലാണെന്നും മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായും അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും വ്യക്തമാക്കിയിട്ടുണ്ട്.