Select Location
All Locations
State
Region
City / District
ഗൾഫ് വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ; വിസാ കാലാവധി തീരുമെന്ന ആശങ്കയിൽ നൂറുകണക്കിന് മലയാളികൾ

ഗൾഫ് വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ; വിസാ കാലാവധി തീരുമെന്ന ആശങ്കയിൽ നൂറുകണക്കിന് മലയാളികൾ

കൊച്ചി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ ഉണ്ടായ ആക്രമണത്തെ തുടർന്ന് കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ. ഇതോടെ പെരുന്നാൾ - വേനലവധി കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി മലയാളികളാണ് ആശങ്കയിലായത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. ആക്രമണം തുടർന്നാൽ യു.എ.ഇ.യും ഖത്തറും കുവൈത്തുമടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കുമോയെന്ന ആശങ്കയിലാണ് പ്രവാസി മലയാളികൾ. വിമാനങ്ങൾ റദ്ദാക്കിയാൽ അവധി കഴിഞ്ഞ് തിരികെ ഈ രാജ്യങ്ങളിലേക്ക് എത്തേണ്ട പലരുടെയും വിസാ കാലാവധിയെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക.

ബുധനാഴ്ച നെടുമ്പാശ്ശേരിയിൽനിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ട വിമാനം യാത്രക്കാരുടെ ചെക്ക് ഇൻ കഴിഞ്ഞ ശേഷമാണ് റദ്ദാക്കിയത്. കുവൈത്ത് വ്യോമപാത പെട്ടെന്ന് അടച്ചതായി കൺട്രോൾ റൂമിൽനിന്ന് സന്ദേശം ലഭിച്ചതോടെയാണ് അടിയന്തരമായി സർവീസ് റദ്ദാക്കിയത്. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് പകരമുള്ള മറ്റ് സർവീസുകൾ ഒരുക്കുന്നതിനെക്കുറിച്ചും തുക റീഫണ്ട് ചെയ്യുന്നതിനെക്കുറിച്ചും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പിന്നീട് വ്യക്തമായ അറിയിപ്പ് നൽകുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ റീഫണ്ട് കിട്ടിയാലും മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് എടുക്കണമെങ്കിൽ വലിയ തുക ചെലവാകും. ഇപ്പോൾത്തന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽനിന്ന് വലിയ വിമാനക്കൂലിയാണ് ഈടാക്കുന്നത്. കൊച്ചിയിൽനിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റിന് അര ലക്ഷത്തിലേറെ രൂപയാണ് സമീപ ദിവസങ്ങളിലുള്ളത്. ബഹ്റൈനിലേക്കും സമാനമായ തുക വരുമ്പോൾ ഖത്തറിലേക്ക് 20,000 രൂപക്ക് മുകളിലാണ് നിരക്ക്.


Mathrubhumi News 1 hour ago
Home Flash News