Select Location
All Locations
State
Region
City / District
ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുള്ളത്. 195 പേജ് വരുന്ന രേഖ ഒരാഴ്ചകൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയിരുന്നു. രണ്ട് എഐ ടൂളുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. റിപ്പോർട്ടിന്റെ ഗണ്യമായ ഭാഗം എഐ ജനറേറ്റഡ് ആണെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'എഐ ഉപയോഗിക്കുന്നതിന് ഞാൻ എതിരല്ല. പക്ഷേ പ്രശ്‌നം രഹസ്യരേഖകളെല്ലാം പബ്ലിക് ഡൊമെയ്‌നിലേക്ക് നൽകിയിരിക്കുകയാണിവിടെ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നടത്തണം' തോമസ് ഐസക് പറഞ്ഞു. രഹസ്യരേഖകൾ വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണിത്. സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരള സർക്കാരും ഇതിനെ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ലംഘനമടക്കം നടന്നു. എങ്ങനെയാണ് ഇത്തരത്തിലുള്ള അബദ്ധങ്ങൾ ധവളപത്രത്തിൽ വന്നതെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. കേരളത്തിലെ വികസന ചെലവ് മറ്റു സംസ്ഥാനങ്ങളുടെ പകുതിയേക്കാൾ കുറവായി കാണിക്കുന്നു. ഇതെങ്ങനെ വരുമെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇപ്പോഴാണ് മനസ്സിലായത്. എഐയിലെ റിസർവ് ബാങ്ക് ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന പണമൊന്നും ആർബിഐ ഡാറ്റയിൽ ഉൾപ്പെടില്ല. അതിന്റെ ഫലമായി മൊത്തം കണക്കുകളും മാറി. ഇതൊരു ഉദാഹരണമാണ്' തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇതുപോലെ പല തരത്തിലുള്ള അബദ്ധങ്ങളും വസ്തുതാ വിരുദ്ധവുമായ വിവരങ്ങളുമുള്ളതാണ് ധവളപത്രമെന്നും ഐസക് കൂട്ടിച്ചേർത്തു.


Mathrubhumi News 1 hour ago
Home Flash News