Select Location
All Locations
State
Region
City / District
ശനിയാഴ്ച സെലക്ടർമാരുടെ യോഗം; ശ്രേയസിനു കീഴിൽ സച്ചിന്റെ റെക്കോഡ് തകർക്കാനൊരുങ്ങി വൈഭവ്

ശനിയാഴ്ച സെലക്ടർമാരുടെ യോഗം; ശ്രേയസിനു കീഴിൽ സച്ചിന്റെ റെക്കോഡ് തകർക്കാനൊരുങ്ങി വൈഭവ്

മുംബൈ: ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് തകർക്കാനുള്ള തയ്യാറെടുപ്പിലാണ് യുവതാരം വൈഭവ് സൂര്യവംശി. അയർലൻഡിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവും തിരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കളിക്കാൻ അവസരം ലഭിക്കുകയും ചെയ്താൽ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വൈഭവിന് സ്വന്തമാകും. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യയ്ക്കായി അരങ്ങേറിയ സച്ചിൻ തെണ്ടുൽക്കറുടെ പേരിലാണ് നിലവിൽ ഈ റെക്കോഡ്. വൈഭവിനാകട്ടെ ഇപ്പോൾ 15 വയസും 70 ദിവസവും മാത്രമേ പ്രായമുള്ളൂ.

ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ടർമാരുടെ യോഗം ശനിയാഴ്ച നടക്കാനിരിക്കുകയാണ്. സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പകരം ശ്രേയസ് അയ്യരാകും സൂര്യയുടെ പിൻഗാമി. 2026 ഐപിഎല്ലിൽ വൈഭവ് 776 റൺസ് അടിച്ചുകൂട്ടി ഫോമിലാണെന്ന് തെളിയിച്ചിരുന്നു. ജൂൺ ഒമ്പതു മുതൽ 21 വരെ ശ്രീലങ്കയിൽ നടക്കുന്ന ഇന്ത്യ എ ടീം ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ വൈഭവ് കളിക്കുന്നുണ്ട്. ഇതിനു ശേഷം ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ടി20 പരമ്പര. ജൂലായിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൈഭവ് സീനിയർ ടീമിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്


Mathrubhumi News 1 hour ago
Home Flash News