പെൻഷൻപ്രായം കൂട്ടില്ല: DA ക്രമപ്പെടുത്തും, ശമ്പളപരിഷ്‌കരണം 10 വർഷത്തിൽ മതിയെന്നത് അംഗീകരിച്ചേക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല. സാമ്പത്തികപ്രതിസന്ധികാരണം ശമ്പളവർധനയുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പകരം ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തുന്നതിനായിരിക്കും മുൻഗണന.
19-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർണായക പ്രഖ്യാപനങ്ങളുണ്ടാവും. രണ്ടുശതമാനം ക്ഷാമബത്ത ഇപ്പോൾ കുടിശ്ശികയുണ്ട്. അത് ബജറ്റിൽ പ്രഖ്യാപിക്കും. നേരത്തേ അനുവദിച്ച ക്ഷാമബത്താ ഗഡുക്കളുടെ മുൻകാലപ്രാബല്യം അനുസരിച്ചുള്ള കുടിശ്ശിക നൽകിയിട്ടില്ല. ജീവനക്കാർക്ക് 21,670 കോടിയും പെൻഷൻകാർക്ക് 14,387 കോടിയുമാണ് ഈയിനത്തിൽ പണമായി നൽകേണ്ടത്. ഇത് ഘട്ടംഘട്ടമായി കൊടുക്കാനാണ് ആലോചന.
കെ.എസ്.ഇ.ബി.യെ പൊതുമേഖലയിൽത്തന്നെ നിർത്തി വൈദ്യുതോത്പാദനരംഗം കൂടുതൽ സ്വകാര്യനിക്ഷേപങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള മാർഗരേഖ ബജറ്റിലുണ്ടാവും. മുൻസർക്കാർ നീട്ടിവെച്ച ആ ബാധ്യത ഏറ്റെടുത്താൽ വാഗ്ദാനം ചെയ്ത ഇന്ദിരാ ഗാരന്റികൾ നടപ്പാക്കാനാവാതെ വരും. പെൻഷൻപ്രായം കൂട്ടിയാൽ വിരമിക്കൽ ആനുകൂല്യത്തിൽ വർഷം ആറായിരം കോടി രൂപവീതം രണ്ടുവർഷം 12,000 കോടി ലാഭിക്കാമെന്നാണ് ധവളപത്രം പറയുന്നത്. എന്നാലിത് സ്ഥായിയായ ലാഭമല്ല. എപ്പോൾ വിരമിച്ചാലും ആനുകൂല്യം നൽകണം. ചെലവ് മാറ്റിവെക്കാൻമാത്രമേ സാധിക്കൂ. ശമ്പളപരിഷ്‌കരണം 10 വർഷത്തിൽഒരിക്കൽ മതിയെന്ന ധവളപത്രനിർദേശം സർക്കാർ അംഗീകരിക്കുമെന്നും സൂചനയുണ്ട്.