Select Location
All Locations
State
Region
City / District
സൗജന്യയാത്ര ബാധിക്കുക 7 ജില്ലകളിൽ; സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് ഏറ്റെടുക്കണമെന്ന് ശുപാർശ

സൗജന്യയാത്ര ബാധിക്കുക 7 ജില്ലകളിൽ; സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് ഏറ്റെടുക്കണമെന്ന് ശുപാർശ

പത്തനംതിട്ട∙ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കുന്നത് 7 ജില്ലകളിലെ സ്വകാര്യ ബസുകളെ സാരമായി ബാധിക്കും. പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് ഏറ്റെടുത്തു സർവീസ് നടത്തുന്നതിനുള്ള ബദൽ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മന്ത്രി സി.പി.ജോണിനു ശുപാർശ സമർപ്പിച്ചു. സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ 65 ശതമാനവും സ്ത്രീകളാണ്. അതിനാൽ സൗജന്യ യാത്ര തുടങ്ങുമ്പോൾ സ്ത്രീ യാത്രികരിൽ ഭൂരിഭാഗവും കെഎസ്ആർടിസിയിലേക്കു മാറുമെന്നാണു വിലയിരുത്തൽ. കെഎസ്ആർടിസിക്കു കൂടുതൽ ഡിപ്പോകളും ബസ് സർവീസുകളുമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ സ്വകാര്യ ബസുകൾ ഇതോടെ പ്രതിസന്ധിയിലാകും. ഈ മേഖലകളിലെ സ്വകാര്യ ബസുകൾ കെഎസ്ആർടിസി ഏറ്റെടുക്കണമെന്ന നിർദേശമാണ് ഉടമകൾ ഉന്നയിക്കുന്നത്.

വാടകയ്ക്ക് എടുക്കുന്ന ബസിന്റെ ഡ്രൈവർ, അറ്റകുറ്റപ്പണികൾ എന്നിവ ഉടമകളുടെ ചെലവിലും കണ്ടക്ടർ, ഇന്ധനം എന്നിവ കെഎസ്ആർടിസിയും വഹിക്കുന്ന വിധമാണു ബസ് ഉടമകൾ ശുപാർശ നൽകിയത്. നഷ്ടത്തിലാകുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ ഡീസൽ സെസ്, നികുതി എന്നിവയിലെ ഇളവ് നൽകിയതുകൊണ്ടു മാത്രം പ്രയോജനം ഇല്ലെന്നാണ് ഉടമകളുടെ വിലയിരുത്തൽ.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്കു സൗജന്യ യാത്ര നടപ്പാക്കാനാണു കെഎസ്ആർടിസി സർക്കാരിനു സമർപ്പിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. ഫാസ്റ്റ് പാസഞ്ചർ മുതൽ ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും സൗജന്യ യാത്ര നടത്തുന്നതു ചെലവുയർത്തുമെന്നതിനാൽ നടപ്പാക്കാൻ സാധ്യതയില്ല. സ്വകാര്യ ബസുകൾ കൂടുതലും ഓർഡിനറി സർവീസുകളായതിനാൽ സ്ത്രീ യാത്രികർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളുടെ വരുമാനത്തെ സാരമായി ബാധിക്കും.

അന്തിമ തീരുമാനം ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്കു വിട്ടു തിരുവനന്തപുരം ∙ കെഎസ് ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച അന്തിമതീരുമാനം ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്കു വിട്ടു. മുഖ്യമന്ത്രി വൈകാതെ യോഗം വിളിച്ച് ഏതുരീതിയിൽ പദ്ധതി വേണമെന്നു തീരുമാനിക്കും. സൗജന്യയാത്രാ പദ്ധതി 15 ന് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. െകഎസ്ആർടിസി നൽകിയ റിപ്പോർട്ടുകൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്തതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കാൻ വിട്ടത്. പദ്ധതിയുടെ ആനുകൂല്യം എല്ലാ സ്ത്രീകൾക്കും നൽകുമെന്നു നേരത്തേ മന്ത്രി സി.പി.ജോൺ പറഞ്ഞിരുന്നു. ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകൾ കെഎസ്ആർടിസി കൈമാറിയിരുന്നു. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി,

ഓർഡിനറി ബസിൽ മാത്രമാക്കിയാൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണു 3 മാസത്തെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തിക സഹായത്തിനു പുറമേ ഈ തുക കൂടി സർക്കാർ കെഎസ്ആർടിസിക്ക് നൽകണം. പ്രതിദിനം 10 മുതൽ 12 വരെ ലക്ഷം വനിതകൾ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ വനിതകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതു സ്കീം തിരഞ്ഞെടുത്താലും ആ തുക മുൻകൂറായി സർക്കാർ കെഎസ്ആർടിസിക്കു നൽകിയാൽ മാത്രമേ പദ്ധതി മുന്നോട്ടുപോകൂ.


Manorama News 1 hour ago
Home Flash News