Select Location
All Locations
State
Region
City / District
ശബരിമല സ്വർണക്കൊള്ള; സ്വർണം മാറ്റിയത് പൊട്ടാസ്യം അയഡൈഡ്, അയഡിൻ മിശ്രിതം ഉപയോഗിച്ച്

ശബരിമല സ്വർണക്കൊള്ള; സ്വർണം മാറ്റിയത് പൊട്ടാസ്യം അയഡൈഡ്, അയഡിൻ മിശ്രിതം ഉപയോഗിച്ച്

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളിൽനിന്ന് 2019-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിച്ചത് പൊട്ടാസ്യം അയഡൈഡിന്റെയും അയഡിന്റെയും മിശ്രിതം ഉപയോഗിച്ച്. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഈ മിശ്രിതത്തിന്റെ സാമ്പിളാണ് ജംഷേദ്‌പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിരിക്കുന്നത്.

മുംബൈയിൽനിന്നാണ് സ്ട്രിപ്പിങ് സാൾട്ട് എന്നറിയപ്പെടുന്ന ഈ രാസവസ്തു സ്മാർട്ട് ക്രിയേഷൻസ് വാങ്ങിയിരുന്നതെന്ന് എസ്.ഐ.ടി. കണ്ടെത്തിയിരുന്നു.

എന്തുകൊണ്ട് പൊട്ടാസ്യം അയഡൈഡിന്റെയും അയഡിന്റെയും മിശ്രിതം

പൊട്ടാസ്യം സയനൈഡിന്റെയും അയഡിന്റേയും മിശ്രിതവും സ്വർണത്തെ വേർതിരിക്കാൻ സ്ട്രിപ്പിങ് സാൾട്ടായി ഉപയോഗിക്കാറുണ്ട്. മെറ്റൽ ടെട്രാസയനൈഡ് സാൾട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ സയനൈഡ് വിഷവസ്തുവായതിനാലും വിലക്കൂടുതലുള്ളതിനാലും വ്യാവസായിക ആവശ്യങ്ങളിൽ പൊട്ടാസ്യം അയഡൈഡിന്റെയും അയഡിന്റെയും മിശ്രിതമാണ് ഉപയോഗിക്കാറുള്ളത്. സയനൈഡിന്റെ ഉപയോഗത്തിന് നിയന്ത്രണവുമുണ്ട്.

സ്വർണം വേർതിരിക്കുന്നത് ഇങ്ങനെ

ഈ മിശ്രിതം വെള്ളത്തിൽ ലയിപ്പിച്ച് ഒരു ടബ്ബിൽ എടുത്തശേഷം സ്വർണം പൊതിഞ്ഞതോ പൂശിയതോ ആയ പാളികൾ ഇറക്കിവെക്കും. നിശ്ചിത സമയം കഴിഞ്ഞ്, സ്വർണം പൂർണമായും പാളികളിൽനിന്ന് വേർതിരിയും. ഇത് പ്രത്യേകം ശേഖരിക്കാവുന്ന വിധത്തിൽ കിട്ടും.

വേർതിരിഞ്ഞ് പൊട്ടാസ്യം അയഡൈഡിന്റെയും അയഡിന്റെയും മിശ്രിതത്തിൽ ചേരുന്ന സ്വർണത്തെ റെഡ്യൂസിങ് ഏജന്റ് ഉപയോഗിച്ചാണ് മാറ്റിയെടുക്കുന്നത്. ഇത് ഉപയോഗിച്ചാൽ സ്വർണം അളവുകുറയാതെ ഖരരൂപത്തിൽ കിട്ടും. സോഡിയം സൾഫേറ്റ് ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഒരു റെഡ്യൂസിങ് ഏജന്റാണ്.

സ്വർണം മാറ്റി, പകരം വേറെ പൂശി 2019-ൽ കട്ടിളപ്പാളികൾ, ദ്വാരപാലകശില്പപാളികൾ എന്നിവയാണ് രണ്ടു സമയങ്ങളിലായി സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതും സ്വർണം മാറ്റിയതും. അന്ന് അവയിലുണ്ടായിരുന്ന സ്വർണം എടുത്തശേഷം കുറഞ്ഞ അളവിൽ സ്വർണം ഉപയോഗിച്ച് വീണ്ടും പൂശുകയായിരുന്നെന്ന് ജംഷേദ്‌പുരിലെ ലാബിലെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 1998-ൽ വിജയ് മല്യ ചെമ്പുപാളികളിൽ സ്വർണം പൊതിഞ്ഞിരുന്നു. ആ സ്വർണം മാറ്റിയശേഷം വേറെ സ്വർണം പൂശുകയായിരുന്നെന്ന് എസ്.ഐ.ടി. കരുതുന്നു. 2025-ൽ ദ്വാരപാലകശില്പങ്ങൾ നവീകരണത്തിന് കൊണ്ടുചെന്നപ്പോഴും അയഡൈഡ് പ്രക്രിയ തന്നെയാണ് സ്വർണം വേർതിരിക്കാൻ ഉപയോഗിച്ചത്.

അന്ന് ദ്വാരപാലകശില്പങ്ങളിലെ എല്ലാ പാളികളിൽനിന്നും സ്വർണം മാറ്റിയിരുന്നില്ലെന്ന് എസ്.ഐ.ടി.ക്ക് വിവരം കിട്ടിയിട്ടുണ്ട്. മാറ്റാത്ത ഭാഗങ്ങൾ പോളീഷ് ചെയ്യുക മാത്രമേ ഉണ്ടായുള്ളൂ. 2025-ൽ സ്മാർട്ട് ക്രിയേഷൻസിൽ പാളികൾ എത്തിച്ചപ്പോഴാണ്, രഹസ്യമായിട്ട് ഇവ കൊണ്ടുപോയെന്ന വിവരം പുറത്തുവന്നത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് ചെയ്തതോടെ പാളികൾ എത്രയും വേഗം തിരികെയെത്തിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അപ്പോഴേക്കും പാളികൾ അയഡൈഡ് മിശ്രിതത്തിൽ മുക്കി സ്വർണം വേർതിരിച്ചിരുന്നു. ഈ വിവരം അന്ന് ദേവസ്വം ബോർഡ് കോടതിയെയും അറിയിച്ചിരുന്നു.


Mathrubhumi News 14 days ago
Home Flash News