രാജി തുടരുന്നു: ആദ്യം ബെന്നി, പിന്നാലെ പ്രദീപ്; നാണം കെട്ട് യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: വിവാദ നിയമത്തിൽ വീണ്ടും നാണം കെട്ട് യുഡിഎഫ് സർക്കാർ. ദേവസ്വം വകുപ്പിൻ്റെ സ്‌പെഷല്‍ പ്ലീഡറായി നിയമിച്ച കെ ബി പ്രദീപ് രാജിവച്ചു. മന്ത്രി സണ്ണി ജോസഫിന്റെ അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ചതിന് സമാനമായ രീതിയിലാണ് കെ ബി പ്രദീപിൻ്റെയും രാജി.
ശ്രീകോവിലിലെ വാതിലിൽനിന്നും കട്ടിളപ്പടിയിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിൻ്റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിൻ്റെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായി സർക്കാർ നിയമിച്ചത് വന്‍വിവാദമായിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ടാണ് ഇല്ലാത്ത തസ്‌തികയുണ്ടാക്കി നിയമനം നടത്തിയതെന്നാണ് ഇതെക്കുറിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. പ്രതിയുടെ ദൗർബല്യമറിയുന്നയാൾ അഭിഭാഷനാകുന്നത് നല്ലതല്ലേ എന്ന വിചിത്രവാദമാണ് മന്ത്രി ഉന്നയിച്ചത്. ഇതോടെ മുഖം രക്ഷിക്കാനായി സതീശൻ രാജി ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം സ്പെഷ്യൽ ഗവ പ്ലീഡര്‍മാരെ നിയമിച്ച് ഉത്തരവിങ്ങിയപ്പോൾ പ്രദീപും പട്ടികയില്ല. ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത് ദേവസ്വം കേസുകളുടെ ചുമതലയും. നിലവിൽ ദേവസ്വത്തിന് സ്റ്റാന‍്ഡിംഗ് കൗണ്‍സിലിനെ നിയോഗിച്ചിട്ടില്ല.
ഫലത്തിൽ മുഴുവന് ഉത്തരവാദിത്തവും പ്രദീപിന് തന്നെ. വന്‍ കോളിളക്കം സൃഷ്ടിച്ച ശബരിവല സ്വര്ണക്കൊള്ള കേസിൽ ഇപ്പോഴും അന്വേഷണം തുടരുന്നു. കുറ്റപത്രം നല്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ സുപ്രധാന പദവിയിൽ പ്രദീപിനെ നിയോഗിക്കുന്നതിന്‍റെ ഔചിത്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പ്രദീപിന്‍റെ രാജി.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുൻ നിയമ മന്ത്രി പി രാജീവ്. അതുകൊണ്ടുതന്നെ ഈ വിഷയം ഒരു രാജിയിൽ ഒതുക്കി തീർക്കാനാകില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.