'പി.നാരായണക്കുറുപ്പ് സാമൂഹികവും രാഷ്ട്രീയവുമായ തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കിയ കവി'; രാജീവ് ചന്ദ്രശേഖർ
മലയാള സാഹിത്യലോകത്തിന് വലിയ നഷ്ടമാണ് കവി നാരായണക്കുറുപ്പിന്റെ വേർപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സാമൂഹികവും രാഷ്ട്രീയവുമായ തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കിയ കവിയായിരുന്നു നാരായണക്കുറുപ്പ്. പാരമ്പര്യവും പുതുമയും ചേർത്ത അദ്ദേഹത്തിന്റെ രചനാശൈലി മലയാള കവിതയ്ക്ക് വേറിട്ടൊരു ഭാവം നൽകി. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ജനവഞ്ചന തിരിച്ചറിഞ്ഞ അദ്ദേഹം ദേശീയ ചിന്തയോട് അടുപ്പം പുലർത്തി. ദീർഘകാലം തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
അനീതികൾക്കും അഴിമതികൾക്കുമെതിരെ അദ്ദേഹം തന്റെ എഴുത്തിലൂടെ ശക്തമായി പ്രതികരിച്ചു. അതോടൊപ്പം കുട്ടികൾക്കായി നിരവധി മനോഹരമായ കവിതകളും അദ്ദേഹം രചിച്ചു. സമൂഹത്തോടും സാഹിത്യത്തോടും ഒരുപോലെ പ്രതിബദ്ധത പുലർത്തിയ അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കവി നാരായണക്കുറുപ്പിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബാംഗങ്ങളുടെയും സാഹിത്യലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖർ അനുശോചന കുറിപ്പിൽ അറിയിച്ചു.