വാൻകൂവർ: 57 മിനിറ്റോളം ഒരു ഗോളിന് പിന്നിലായ ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ചരിത്ര വിജയവുമായി ഈജിപ്ത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ന്യൂസീലൻഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കിയ ഈജിപ്ത് തങ്ങളുടെ ആദ്യ ലോകകപ്പ് വിജയം കുറിച്ചു. ഇത്തവണ ഗ്രൂപ്പ് ജിയിൽ ആദ്യ ജയം കുറിക്കുന്ന ടീമാണ് ഈജിപ്ത്. ജയത്തോടെ അവർ നാല് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറി നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.
മുസ്തഫ സിക്കോയും മുഹമ്മദ് സലായും മഹ്‌മൂദ് ട്രെസെഗെയുമാണ് ഈജിപ്തിന്റെ ഗോൾ സ്‌കോറർമാർ. ന്യൂസീലൻഡിന്റെ ഗോൾ ഫിൻ സർമാന്റെ വകയായിരുന്നു.
ഇരു ഭാഗത്തു നിന്നും പ്രസ്സിങ്ങും കൗണ്ടർ പ്രസ്സിങ്ങുമായാണ് മത്സരം ആരംഭിച്ചത്. ആദ്യ 10 മിനിറ്റും ന്യൂസീലൻഡും ഈജിപ്തും തുടരെ ആക്രമണങ്ങളുമായി കളംനിറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ ഒരുക്കാനായില്ലെങ്കിലും ഗാലറിയെ കൈയിലെടുക്കാൻ തുടക്കത്തിൽ ഇരു ടീമുകൾക്കുമായി. 14-ാം മിനിറ്റിലാണ് ന്യൂസീലൻഡിന് മത്സരത്തിലെ ആദ്യ മികച്ച അവസരം ലഭിച്ചത്. ഇലിജ ജസ്റ്റിന്റെ ഷോട്ട് ഈജിപ്ത് ഗോളി മൊസ്തഫ ഷോബിർ രക്ഷപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ടായിരുന്നു. ഇതിന് ലഭിച്ച കോർണറിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാനാണ് ന്യൂസീലൻഡിന് ലീഡ് സമ്മാനിച്ചത്. ഗോൾ നേടിയതോടെ ന്യൂസീലൻഡ് തുടരെത്തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇതെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ ഈജിപ്തിനായി. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഈജിപ്ത് കഠിന പ്രയ്ത്‌നം നടത്തിയെങ്കിലും ന്യൂസീലൻഡ് പ്രതിരോധം ഉറച്ചുനിന്നു.
രണ്ടാം പകുതിയിൽ പന്തിൽ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു ഈജിപ്തിന്റെ തന്ത്രം. അതിൽ അവർ ഏതാണ്ട് വിജയിക്കുകയും ചെയ്തു. ഇതിനിടെ 52-ാം മിനിറ്റിൽ ന്യൂസീലൻഡ് മികച്ചൊരു മുന്നേറ്റം നടത്തി. കല്ലം മക്കോവാട്ടിന്റെ ഹെഡർ നിർഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്. പിന്നീട് ഈജിപ്ത് കളംനിറയുകയായിരുന്നു. 58-ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ അവർ ഗോൾ മടക്കി. മുഹമ്മദ് ഹാനി ബോക്‌സിലേക്ക് നൽകിയ ലോങ് ബോൾ സിക്കോ മികച്ചൊരു ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. 67-ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ അവർ ലീഡെടുത്തു. സിക്കോയുമൊത്തുള്ള ഒരു വൺ ടു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിൽവെച്ച് പന്ത് സ്വീകരിച്ച സലാ അനായാസം സ്‌കോർ ചെയ്തു. പിന്നാലെ 82-ാം മിനിറ്റിൽ മഹ്‌മൂദ് ട്രെസെഗെ ഈജിപ്തിന്റെ മൂന്നാം ഗോളും കുറിച്ചു.