Select Location
All Locations
State
Region
City / District
ഖത്തറിലെ റാസ് ലഫാൻ പ്രകൃതിവാതക ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്

ഖത്തറിലെ റാസ് ലഫാൻ പ്രകൃതിവാതക ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്

ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി ഹബ്ബിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ സ്ഫോടനത്തിൽ കുറഞ്ഞത് 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു. സമീപകാല സംഘർഷത്തിനിടെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ദുരന്തമുണ്ടായത്.

റാസ് ലഫാൻ വ്യവസായ മേഖലയിലെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിൽ കയറ്റുമതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് സ്ഫോടനം സംഭവിച്ചതെന്ന് പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ വൻ തീപിടിത്തമുണ്ടായെങ്കിലും നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല. ഇരുണ്ട ആകാശത്തേക്ക് വൻ തീജ്വാലകൾ ഉയർന്ന് പൊങ്ങുന്നതും പുക പടരുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ഉപഭോക്താക്കൾക്കുള്ള വിതരണം തടസ്സപ്പെട്ടതിനാൽ ഖത്തർ വാതക ഉത്പാദനം നിർത്തിവെച്ചിരിക്കുകയായിരുന്നു.

സംഘർഷം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയും തന്ത്രപ്രധാനമായ ഈ ജലപാതയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരികയും ചെയ്തതോടെയാണ് കയറ്റുമതി ടെർമിനലിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അധികൃതർ നീക്കം നടത്തിയത്. എന്നാൽ, ഞായറാഴ്ച രാത്രിയിലുണ്ടായ ഈ സ്ഫോടനവും തീപിടിത്തവും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് വൻ തിരിച്ചടിയായി.

പ്ലാന്റിലുണ്ടായിരുന്ന ചെറിയൊരു വിഭാഗം ആളുകൾക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഖത്തർ ആഭ്യന്തര മന്ത്രാലയം കണക്കുകൾ പുതുക്കുകയും, കുറഞ്ഞത് 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മുൻനിര പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഖത്തർ.


News18Kerala 1 hour ago
Home Flash News