നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജമെന്ന് എൻടിഎ
നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പർ ടെലിഗ്രാം വഴി ചോർന്നെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ദേശീയ പരീക്ഷാ ഏജൻസിയും (എൻടിഎ) കേന്ദ്ര സർക്കാരും വ്യക്തമാക്കി. പരീക്ഷാ പേപ്പർ ചോർന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം തിങ്കളാഴ്ച അറിയിച്ചു.
വിദ്യാർത്ഥികളെ വഞ്ചിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇത്തരം തെറ്റായ വിവരങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും എൻടിഎ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ സൈബർ ക്രൈം വിരുദ്ധ ഏജൻസിയായ ഐ4സി, പോലീസ് എന്നിവരുടെ സഹായത്തോടെ കർശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഹാൻഡിലുകളിലൂടെയും മാത്രം വിവരങ്ങൾ സ്ഥിരീകരിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എൻടിഎ അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്നാണ് കനത്ത സുരക്ഷയിലും നിരീക്ഷണത്തിലും ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ വിജയകരമായി നടത്തിയത്. ഇന്ത്യയിലെയും വിദേശങ്ങളിലെയും ഉൾപ്പെടെ അയ്യായിരത്തിലധികം കേന്ദ്രങ്ങളിലായി 13 ഭാഷകളിൽ നടന്ന പരീക്ഷയിൽ 20 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.
പരീക്ഷ പൂർണ്ണ സുരക്ഷാ ക്രമീകരണങ്ങളോടെ സുഗമമായാണ് നടന്നതെന്നും ഇതുവരെ ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചു. പരീക്ഷാ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ എൻടിഎ ശക്തമായി രംഗത്തുണ്ടെന്നും മൂല്യനിർണ്ണയ നടപടികൾ ഉടൻ ആരംഭിച്ച് പതിവിലും വേഗത്തിൽ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.