അയേൺ ഗുളികയ്ക്ക് പകരം പ്രമേഹമരുന്ന്; മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ചയെന്ന് പരാതി
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നു മാറി നൽകിയതായി പരാതി. പ്രസവശേഷം ചികിത്സയിലായിരുന്ന യുവതിക്ക് ഡോക്ടർ നിർദേശിച്ച അയേൺ ഗുളികയ്ക്കു പകരം പ്രമേഹത്തിനുള്ള മരുന്നാണ് നൽകിയതെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
വൈക്കം ചെമ്മനാകരി വടക്കേ കൊച്ചുകട്ടിത്തറ വീട്ടിൽ കെ.എസ് സനീഷിന്റെ ഭാര്യ കെ.ബി ഷൈനിമോള്‍ക്കാണ് മരുന്നു മാറി ലഭിച്ചതെന്ന് പരാതി. മേയ് 9-ന് പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനിമോൾ മേയ് 10-ന് പ്രസവിച്ചു. അമ്മയ്ക്കും നവജാത ശിശുവിനും പനി ബാധിച്ചതിനെ തുടർന്ന് മേയ് 26-നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ഡിസ്ചാർജ് സമയത്ത് ഡോക്ടർ നിർദേശിച്ച അയേൺ ഗുളികയ്ക്ക് പകരം പ്രമേഹരോഗികൾക്കുള്ള മരുന്നാണ് ഫാർമസിയിൽ നിന്ന് ലഭിച്ചതെന്നാണ് പരാതി. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് മരുന്നു മാറിയ വിവരം തിരിച്ചറിഞ്ഞത്. കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പരിശോധിച്ച ഡോക്ടറാണ് പിഴവ് കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു.
ഏകദേശം 24 ദിവസത്തോളം തെറ്റായ മരുന്ന് കഴിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഉത്തരവാദികളായ ഫാർമസി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിനും സനീഷ് പരാതി നൽകി.