Select Location
All Locations
State
Region
City / District
നിർമാണം പൂർത്തിയായിട്ടും കൈമാറാതെ നഗരസഭാ വീടുകൾ; കാത്തിരിപ്പിൽ അഞ്ച് പട്ടികജാതി കുടുംബങ്ങൾ

നിർമാണം പൂർത്തിയായിട്ടും കൈമാറാതെ നഗരസഭാ വീടുകൾ; കാത്തിരിപ്പിൽ അഞ്ച് പട്ടികജാതി കുടുംബങ്ങൾ

ഒറ്റപ്പാലം നഗരസഭ നിർമിച്ച അഞ്ച് വീടുകൾ മാസങ്ങൾ കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് കൈമാറാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പട്ടികജാതി കുടുംബങ്ങൾക്കായി നിർമിച്ച വീടുകളുടെ വൈദ്യുതീകരണവും വൈദ്യുതി കണക്ഷനും പൂർത്തിയാകാത്തതാണ് കൈമാറ്റം വൈകാൻ കാരണമെന്ന് അധികൃതർ.

ഒറ്റപ്പാലം പാതിരിക്കോടിലാണ് നഗരസഭ അഞ്ച് വീടുകൾ നിർമിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ താക്കോൽദാന ചടങ്ങ് നടത്തിയെങ്കിലും ഗുണഭോക്താക്കൾക്ക് ഇതുവരെ വീടുകളിൽ താമസം ആരംഭിക്കാനായിട്ടില്ല. പാതിരിക്കോട് സ്വദേശികളായ ഭാസ്‌കർ-മീര ദമ്പതികളാണ് ‘മനസോടിത്തിരി മണ്ണ്’ പദ്ധതി പ്രകാരം 10 സെന്റ് ഭൂമി സൗജന്യമായി നഗരസഭയ്ക്ക് നൽകിയത്. ഈ ഭൂമിയിലാണ് പട്ടികജാതി കുടുംബങ്ങൾക്കായി വീടുകൾ നിർമിച്ചത്.

വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതീകരണ നടപടികൾ പൂർണമാകാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇതാണ് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് തടസമായിരിക്കുന്നത്. മാസങ്ങളായി ആളൊഴിഞ്ഞുകിടക്കുന്ന വീടുകളുടെ ജനാലകൾ തുരുമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ട്. മുറ്റങ്ങൾ കാടുപിടിച്ച നിലയിലുമാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിൽ താക്കോൽ ഏറ്റുവാങ്ങിയ കുടുംബങ്ങൾ ഇപ്പോഴും വാടകവീടുകളിലും ബന്ധുവീടുകളിലുമായാണ് കഴിയുന്നത്.

വൈദ്യുതീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നഗരസഭ അധികൃതർ ആവർത്തിച്ച് അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിച്ച് വീടുകൾ കൈമാറണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.


Manorama News 1 hour ago
Home Flash News