Select Location
All Locations
State
Region
City / District
വിമര്‍ശനങ്ങളില്‍ കരുത്തനാകുന്ന റൊണാള്‍ഡോ; ജയിക്കാന്‍ പോര്‍ച്ചുഗല്‍; പക്ഷേ 'ഈ കളി' അപകടം

വിമര്‍ശനങ്ങളില്‍ കരുത്തനാകുന്ന റൊണാള്‍ഡോ; ജയിക്കാന്‍ പോര്‍ച്ചുഗല്‍; പക്ഷേ 'ഈ കളി' അപകടം

കോംഗോയ്ക്കെതിരെ നിറം മങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ തുടരവെ പോര്‍ച്ചുഗല്‍ രണ്ടാം മല്‍സരത്തിനിറങ്ങുന്നു. കന്നി ലോകകപ്പ് കളിക്കുന്ന ഉസ്ബക്കിസ്ഥാനാണ് എതിരാളികള്‍. നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പോര്‍ച്ചുഗലിന് ജയം അനിവാര്യമാണ്. രാത്രി പത്തരയ്ക്കാണ് മല്‍സരം.

ഇത്രമേല്‍ നിരാശനായി... പരാജിതനായി... ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസതാരത്തെ ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ടാകില്ല. മെസിയും എംബപെയും ഹാളണ്ടും ഹാരി കെയ്നും ഗോളടിച്ചുകൂട്ടുമ്പോ തല താഴ്ത്തി മടങ്ങേണ്ടി വന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോള്‍ ലോകത്തിന്റെയാകെ നൊമ്പരമാണ്. കപ്പടിക്കാന്‍ സ്വപ്നം കണ്ട് വന്നതാണ് പറങ്കിപ്പട. പേര് കൊണ്ടോ പെരുമക്കണക്ക് കൊണ്ടോ തങ്ങളുടെ നിഴലാകാന്‍ പോലും ശേഷിയില്ലാത്ത ടീമിനെതിരെ തോല്‍വിയോളം പോന്ന സമനില വഴങ്ങേണ്ടി വന്നതില്‍ പഴിയേറെയും റൊണാള്‍ഡോയ്ക്ക് നേരെയാണ് ഉയര്‍ന്നത്. കോംഗോയ്ക്കെതിരെ 90 മിനിറ്റ് കളിച്ചിട്ടും പന്തില്‍ ടച്ച് ചെയ്തത് 25 തവണ മാത്രം, ഒറ്റ ടാര്‍ഗറ്റ് ഷോട്ട് പോലും ഇല്ല.

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ റൊണാള്‍ഡോയിലേക്ക് പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ട ടീമിനെയാണ് കോംഗോയ്ക്കെതിരെ കണ്ടത്. പന്ത് നല്‍കാതിരിക്കാന്‍ സഹതാരങ്ങള്‍ ശ്രമിച്ചെന്ന് പറഞ്ഞാലും തെറ്റില്ല. ഉസ്ബക്കിസ്ഥാനെതിരെ ഈ കളി കളിച്ചാല്‍ ആത്മഹത്യാപരമാകും. ഉസ്ബക്കിസ്ഥാനെതിരെ സമനില വഴങ്ങേണ്ടി വന്നാല്‍ നോക്കൗട്ടിലെത്താന്‍ മറ്റ് ടീമുകളുടെ മല്‍സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പിലെ അവസാന മല്‍സരം ശക്തരായ കൊളംബിയയ്ക്ക് എതിരെയാണ്. ടീമിലെ ചേരിതിരിവും ഈഗോയും ഒക്കെ മാറ്റിവച്ച് ഇന്ന് കളത്തിലിറങ്ങിയില്ലെങ്കില്‍ കളി കഴിയുമ്പോ തന്നെ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും നല്ലത്.

കോംഗോയ്ക്കെതിരെ മിന്നല്‍ തുടക്കമായിരുന്നു. പിന്നെ പാളി. ഉസ്ബക്കിസ്ഥാനെതിരെ പ്ലേയിങ് ഇലവനില്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതനായേക്കും. വിമര്‍ശനങ്ങളെ പേടിച്ച് റൊണാള്‍ഡോയെ സൈഡ് ബെഞ്ചിലിരുത്തി കളി തുടങ്ങില്ലെന്നാണ് മാര്‍ട്ടിനസിന്റെ ഇതുവരെയുള്ള വാക്കുകള്‍. റൊണാള്‍ഡോയെ പ്രധാന സ്ട്രൈക്കറാക്കി

4–2–3–1 ഫോര്‍മേഷനില്‍ തന്നെയാകും ടീമിറങ്ങുക. കൊളംബിയയോട് 3–1ന് തോറ്റെത്തുന്ന ഉസ്ബക്കിസ്ഥാന് സമനില പോലും ജയത്തിന് തുല്യം. അട്ടിമറി വിദൂര സ്വപ്നങ്ങളില്‍ മാത്രം. പ്രതിരോധം ശക്തമാക്കി പോര്‍ച്ചുഗലിനെ പൂട്ടുകയാകും ഗെയിം പ്ലാന്‍.


Manorama News 1 hour ago
Home Flash News