'പിണറായി തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞപ്പോൾ എനിക്കെതിരെ കേസെടുത്തു, അന്ന് പ്രതിപക്ഷം മിണ്ടിയില്ല'; അഖിൽ മാരാർ
പ്രളയ ദുരിതാശ്വാസ നിധിയുടെ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. നേരത്തെ ഇടത് മുന്നണി സർക്കാർ അധികാരത്തിൽ ഇരിക്കെ നടത്തിയ ആരോപണങ്ങൾ ഒരിക്കൽ കൂടി ആവർത്തിച്ചു കൊണ്ടാണ് അഖിൽ മാരാർ രംഗത്ത് വന്നിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഖിൽ മാരാരുടെ പ്രതികരണം.
പ്രളയ ദുരിതാശ്വാസ നിധിയിൽ സിഎംഡിആർഎഫിൽ പിണറായി വിജയൻ തട്ടിപ്പ് നടത്തി എന്ന് തെളിവുകൾ സഹിതം പറഞ്ഞപ്പോൾ തനിക്കെതിരെ അന്ന് കള്ള കേസെടുത്തുവെന്നാണ് അഖിൽ മാരാർ ആരോപിക്കുന്നത്. ആ വിഷയത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഒരക്ഷരം മിണ്ടിയില്ലെന്നും അഖിൽ മാരാർ ആരോപിക്കുന്നു.
5000 കോടി പ്രളയത്തിന്റെ പേരിൽ ജനങളുടെ കൈയിൽ നിന്ന് പിരിച്ചു വക മാറ്റി ചിലവിട്ട പിണറായി യാതൊരു ഉളുപ്പും ഇല്ലാതെ വയനാട് ദുരന്തം ഉണ്ടായതിന്റെ പിറ്റേ ദിവസം വീണ്ടും പിരിക്കാൻ ഇറങ്ങിയപ്പോഴാണ് താൻ പ്രതികരിച്ചതെന്നും അഖിൽ മാരാർ പറയുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അഖിൽ മാരാരുടെ പ്രതികരണം.
അഖിൽ മാരാരുടെ വാക്കുകൾ ഈ വിഷയത്തിൽ മറ്റാരേക്കാളും സംസാരിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു.. പ്രളയ ദുരിതാശ്വാസ നിധിയിൽ സിഎംഡിആർഎഫിൽ പിണറായി വിജയൻ തട്ടിപ്പ് നടത്തി എന്ന് തെളിവുകൾ സഹിതം ഞാൻ പറഞ്ഞപ്പോൾ എനിക്കെതിരെ അന്ന് കള്ള കേസെടുത്തു.. ആ വിഷയത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഒരക്ഷരം മിണ്ടിയില്ല.. ഇന്നത്തെ മന്ത്രിമാർ, എംഎൽഎമാർ എന്നിവരോട് ഈ വിഷയത്തിൽ പ്രതികരിക്കണം എന്ന് കാര്യ കാരണങ്ങൾ തെളിവ് സഹിതം പറഞ്ഞു കൊടുത്തിട്ടും ദുരിതാശ്വാസ നിധിക്കെതിരെവ പറയാൻ ഉള്ള ധൈര്യം അവർക്ക് ഉണ്ടായില്ല...
5000 കോടി പ്രളയത്തിന്റെ പേരിൽ ജനങളുടെ കൈയിൽ നിന്ന് പിരിച്ചു വക മാറ്റി ചിലവിട്ട പിണറായി യാതൊരു ഉളുപ്പും ഇല്ലാതെ വയനാട് ദുരന്തം ഉണ്ടായതിന്റെ പിറ്റേ ദിവസം വീണ്ടും പിരിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഞാൻ എന്റെ പ്രതിഷേധം അറിയിച്ചത്.. മറന്നു പോയവർക്ക് 24 ന്യൂസിൽ തന്നെ എന്റെയും ഹാഷ്‌മിയുടെയും ജനകീയ കോടതി എപ്പിസോഡ് ഒന്ന് കൂടി കാണാം.. അന്ന് ന്യായീകരിച്ച ഹാഷ്‌മിയുടെ ചാനൽ ഇന്ന് സത്യം പറയുമ്പോൾ എനിക്ക് പറയാൻ ഉള്ളത് ഇത്ര മാത്രം ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ ഭരണം മികച്ചതാകും.. സത്യങ്ങൾ പുറത്ത് വരട്ടെ..