Select Location
All Locations
State
Region
City / District
'പ്രഥമ പരിഗണന രാജ്യത്തിന്' ശുചിത്വവും സുരക്ഷിതവുമായ അമർനാഥ് യാത്രയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

'പ്രഥമ പരിഗണന രാജ്യത്തിന്' ശുചിത്വവും സുരക്ഷിതവുമായ അമർനാഥ് യാത്രയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ഈ വർഷത്തെ അമർനാഥ് യാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സന്ദേശം നൽകി. ഈ വാർഷിക തീർത്ഥാടനത്തെ "വലിയൊരു അനുഗ്രഹം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യാത്രയെ ശുചിത്വം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾക്കുള്ള പിന്തുണ, രാഷ്ട്രനിർമ്മാണം എന്നിവയുടെ പ്രതീകമാക്കാൻ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി തീർത്ഥാടകർക്ക് എഴുതുന്ന കത്ത്" എന്ന പേരിൽ പുറത്തിറക്കിയ രണ്ട് പേജുള്ള സന്ദേശത്തിൽ, പ്രധാനമന്ത്രി ഭക്തരെ "ഹർ ഹർ മഹാദേവ്", "ജയ് ബാബ ബർഫാനി" എന്നിവ ചൊല്ലി അഭിവാദ്യം ചെയ്തു. ജമ്മു കശ്മീരിലെ അമർനാഥ് യാത്ര ഇന്ത്യയുടെ സമ്പന്നമായ ആത്മീയ-സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളെ അവയുടെ വിശുദ്ധി ഒട്ടും ചോർന്നുപോകാതെ തന്നെ, ആധുനിക ആസൂത്രണത്തിലൂടെയും ലോകോത്തര സൗകര്യങ്ങളിലൂടെയും മാറ്റിമറിക്കുന്നതാണ് “വികാസ് ഭി, വിരാസത് ഭി” (വികസനവും പൈതൃകവും) എന്ന ആശയത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"ജമ്മു കശ്മീരിലെ പവിത്രമായ അമർനാഥ് യാത്രയിൽ പങ്കെടുക്കുന്നത് തന്നെ വലിയൊരു അനുഗ്രഹമാണ്," എന്ന് എഴുതിയ പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള ഭക്തർ ഓരോ വർഷവും ഈ തീർത്ഥാടനത്തിനുള്ള അവസരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അമർനാഥ് യാത്രയെ "ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിലെ ശാശ്വതമായ ഒരു അധ്യായം" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ഒന്നിപ്പിക്കുന്നതിലൂടെ ഇത് 'വൈവിധ്യത്തിൽ ഏകത്വം' എന്ന മനോഭാവത്തെ ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞു. "വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള, വിവിധ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പിന്തുടരുന്ന ആളുകൾ മഹാദേവനോടുള്ള ഭക്തിയാൽ ഒന്നിച്ചാണ് ഈ യാത്ര പൂർത്തിയാക്കുന്നത്," അദ്ദേഹം എഴുതി.

തീർത്ഥാടനം സുഗമമായി നടത്തുന്നതിന് ശ്രീ അമർനാഥ്ജി ഷ്രൈൻ ബോർഡ്, ജമ്മു കശ്മീർ ഭരണകൂടം, സുരക്ഷാ ഏജൻസികൾ എന്നിവർ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. "കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ശ്രീ അമർനാഥ്ജി ഷ്രൈൻ ബോർഡും ജമ്മു കശ്മീർ ഭരണകൂടവും ഈ തീർത്ഥാടനം വളരെ കാര്യക്ഷമതയോടും സമർപ്പണബോധത്തോടും കൂടിയാണ് നിയന്ത്രിക്കുന്നത്," അദ്ദേഹം പറഞ്ഞു. യാത്ര സുഗമമാക്കുന്നതിൽ പങ്കാളികളായ ഇന്ത്യൻ ആർമി, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ്, ഐടിബിപി, ബിഎസ്എഫ്, എൻഡിആർഎഫ്, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, ഭരണവർഗ ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.

"ഈ വർഷവും ആയിരക്കണക്കിന് ജീവനക്കാരാണ് ഈ ഉത്തരവാദിത്തം പൂർണ്ണ പ്രതിജ്ഞാബദ്ധതയോടെ നിർവ്വഹിക്കുന്നത്," അദ്ദേഹം കുറിച്ചു. പ്രാദേശിക സമൂഹങ്ങളുടെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ തീർത്ഥാടനം ജമ്മു കശ്മീരിലെ ജനങ്ങളുടെ ആതിഥ്യമര്യാദയെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. കുതിരകളെ ഓടിക്കുന്നവർ, ചുമട്ടുകാർ, പല്ലക്ക് ചുമക്കുന്നവർ എന്നിവരെ പ്രത്യേകം പരാമർശിച്ച അദ്ദേഹം, ദുർഘടമായ മലയോര പാതയിലെ അവരുടെ സേവനം ഇന്ത്യയുടെ പണ്ടേയുള്ള നിസ്വാർത്ഥ സേവന പാരമ്പര്യത്തിന്റെ മാതൃകയാണെന്ന് പറഞ്ഞു. തീർത്ഥാടന വേളയിൽ ഭക്തർ അഞ്ച് പ്രതിജ്ഞകൾ എടുക്കണമെന്ന അഭ്യർത്ഥനയാണ് പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ കാതൽ.

ഒന്നാമത്തെ പ്രതിജ്ഞ: ശുചിത്വം പാലിക്കുകയും യാത്രയിലുടനീളം മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുക. രണ്ടാമത്തെ പ്രതിജ്ഞ: കനത്ത മഴ, വഴുക്കലുള്ള പാത, കഠിനമായ തണുപ്പ് എന്നിവയുള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കുകയും, ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളും ട്രാഫിക് നിയമങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും കർശനമായി പാലിക്കുകയും ചെയ്യുക. മൂന്നാമത്തെ പ്രതിജ്ഞ: സർക്കാരിന്റെ 'വോക്കൽ ഫോർ ലോക്കൽ' സംരംഭവുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ യാത്രാച്ചെലവിന്റെ കുറഞ്ഞത് 10 ശതമാനമെങ്കിലും ജമ്മു കശ്മീരിലെ പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഭക്തർ വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. ഇത് അവിടെയുള്ള യുവാക്കളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗം ശക്തമാക്കും.

നാലാമത്തെ പ്രതിജ്ഞ: ഈ വർഷത്തെ യാത്രയുടെ സമാപന ദിവസമായ രക്ഷാബന്ധൻ നാളിൽ സഹോദരങ്ങൾക്ക് ഒരു തൈ സമ്മാനിച്ചുകൊണ്ട് ‘ഏക് പേഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്നിൽ പങ്കാളികളാകുക. അഞ്ചാമത്തെ പ്രതിജ്ഞ: തീർത്ഥാടനത്തിന് അപ്പുറം, വർഷം മുഴുവനും രാജ്യത്തിന്റെ വികസനത്തിനായി സംഭാവന നൽകാൻ ഭക്തരെ പ്രേരിപ്പിക്കുന്നതാണ്. "രാഷ്ട്രം പ്രഥമം" എന്ന മനോഭാവത്തോടെ വർഷം മുഴുവനും കടമകൾ ആതാമാർത്ഥതയോടെ നിർവ്വഹിക്കുകയും 'വികസിത് ഭാരതം' നിർമ്മിക്കാൻ സജീവമായി പങ്കാളികളാകുകയും ചെയ്യുക


News18Kerala 1 hour ago
Home Flash News