മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിന് ഇംഗ്ലണ്ട് താരങ്ങൾ ഇറങ്ങുക 'വയാഗ്ര' കഴിച്ച്
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ മെക്‌സിക്കോയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിനു വേണ്ടി ഇംഗ്ലീഷ് താരങ്ങൾക്ക് 'വയാഗ്ര' ഉപയോഗിക്കാൻ അനുമതി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 7,350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആസ്റ്റക്ക സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം നടക്കുക. ഇത്രയും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്‌റ്റേഡിയത്തിലെ ഓക്‌സിജൻ കുറവ് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മറികടക്കാനാണ് ഈ നീക്കം.
രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ മരുന്ന് ഉയരക്കൂടുതൽ മൂലമുള്ള ക്ഷീണം കുറയ്ക്കാൻ സഹായിക്കുമെന്ന് ടീം മാനേജ്മെന്റ് കരുതുന്നു. വയാഗ്ര ഉത്തേജക മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ വാഡ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല.
ഇത്രയും ഉയർന്ന പ്രദേശത്ത് കളിക്കുമ്പോൾ താരങ്ങൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വയാഗ്രയിലെ പ്രധാന ഘടകമായ സിഡെനാഫിൽ രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആൾട്ടിറ്റിയൂഡ് സിക്ക്‌നസ് തടയാൻ സഹായിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വയാഗ്ര ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) നിരോധിത പട്ടികയിലില്ല. സമുദ്രനിരപ്പിലോ അതിനടുത്തോ ഉള്ള സ്ഥലങ്ങളിൽ കായിക പ്രകടനം വർധിപ്പിക്കാൻ ഇത് സഹായിക്കില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതിനാൽ, അത്‌ലറ്റുകൾക്ക് ഇത് ഉപയോഗിക്കാൻ അനുമതിയുണ്ട്.