Select Location
All Locations
State
Region
City / District
അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

ബെംഗളൂരു: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ സ്വയംസേവകര്‍ക്ക് അവകാശവും അര്‍ഹതയുമുണ്ടെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. ഇതിന്, സംഘടനക്ക് രജിസ്‌ട്രേഷനോ അംഗങ്ങള്‍ക്ക് ഔദ്യോഗികമായ അംഗത്വമോ വേണമെന്നൊന്നും നിയമം അനുശാസിക്കുന്നില്ലെന്നും പ്രത്യേക ജഡ്ജി സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്ക് എതിരെ തേജസ് എന്ന സ്വയംസേവകന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

 കേസില്‍ പ്രിയങ്ക് കൈക്കൊണ്ട വിരുദ്ധ നിലപാടുകളും കോടതി ചോദ്യംചെയ്തു. ആര്‍എസ്എസിനെയും പ്രവര്‍ത്തകരെയും ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്താവനകളെ ന്യായീകരിക്കാനാണ് ഒരുവശത്ത് ശ്രമം. മറുവശത്ത് ഇത്തരം അംഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു. മാത്രമല്ല ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ തടയാനും നിയന്ത്രിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുമാണ് പ്രിയങ്കിന്റെ ശ്രമം. അതിനര്‍ഥം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, തിരിച്ചറിയാന്‍ പറ്റുന്ന വ്യക്തികള്‍ ഉണ്ട് (സമൂഹത്തില്‍) എന്നാണ്. ഇത്തരം പ്രവര്‍ത്തകരെയും അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യമിട്ട ശേഷം, ആര്‍എസ്എസ് എന്നത് നിയതമായ രൂപമില്ലാത്ത സംഘടനയാണെന്നും അതില്‍ അംഗങ്ങളില്ലെന്നും അതിനാല്‍ ആര്‍എസ്എസ് അംഗമെന്നു പറഞ്ഞ് ആര്‍ക്കും മാനനഷ്ടക്കേസ് നല്‍കാനാവില്ലെന്നും വാദിക്കാനാവില്ല. കഴമ്പില്ലാത്ത വാദമാണത്. താന്‍ ഒരു സ്വയംസേവകന്‍ ആണെന്നാണ് പരാതിയിലും സത്യവാങ്മൂലത്തിലും ഹര്‍ജിക്കാരന്‍ പറയുന്നത്.അതിനാല്‍ ആരോപിതരുടെ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന ഹര്‍ജിക്കാരന്റെ വാദം നിലനില്‍ക്കുന്നതാണ്. ഭാരതീയ ന്യായസംഹിത 356 ാം വകുപ്പു പ്രകാരം കേസ് തുടരാം.

കേരള ഹൈക്കോടതിയില്‍ മാതൃഭൂമിയുമായി (പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ നല്‍കിയ കേസില്‍) ബന്ധപ്പെട്ടുണ്ടായ, പിന്നീട് സുപ്രീംകോടതി ശരിവെച്ച ഒരു വിധിയുണ്ടെന്നും പ്രത്യേക ജഡ്ജി ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് കൃത്യവും വ്യക്തവുമായ രൂപമുള്ള, തിരിച്ചറിയാന്‍ പറ്റുന്ന സംഘടനയാണെന്നും അതിലെ അംഗത്തിന് (സ്വയംസേവകന്) മാനനഷ്ടക്കേസ് നല്‍കാന്‍ അവകാശമുണ്ടെന്നുമാണ് വിധി. അങ്ങനെ വ്യക്തവും തിരിച്ചറിയാന്‍ പറ്റുന്നതുമായ ഒരു സംഘടനയിലെ അംഗത്തിന് , മനപ്രയാസമുണ്ടായ വ്യക്തി എന്ന വിശേഷണം നിഷേധിക്കാനാവില്ല. ആ വ്യക്തിക്ക് മാനനഷ്ടക്കേസ് നല്‍കാന്‍ നിയമപരമായ അവകാശമുണ്ട്, അര്‍ഹത (ലോക്കസ് സ്റ്റാന്‍ഡി) യുമുണ്ട്.

ഒരു സംഘടനയില്‍ അംഗമാകാന്‍, ഔദ്യോഗിക അംഗത്വം വേണമെന്നോ രജിസ്‌ട്രേഷന്‍ (സംഘടനക്ക്) വേണമെന്നോ, രേഖാമൂലമുള്ള തെളിവ് വേണമെന്നോ നിയമം പറയുന്നില്ല.സംഘടനക്കും രജിസ്‌ട്രേഷന്‍ വേണമെന്നില്ല. സംഘടന രജിസ്റ്റര്‍ ചെയ്തതാണോ, വ്യക്തിക്ക് അതില്‍ ഔദ്യോഗിക അംഗത്വമുണ്ടോ എന്നതൊന്നും മാനനഷ്ടക്കേസിനെ സംബന്ധിക്കുന്ന വിഷയമേയല്ല. അപകീര്‍ത്തികരമായ പ്രസ്താവനക്ക് ഇരയായ സംഘടന, തിരിച്ചറിയാന്‍ സാധിക്കുന്ന, നിയതമായ രൂപമുള്ള ഒന്നാണോ എന്നേ നോക്കേണ്ടതുള്ളു. കുറ്റാരോപിതന്‍ പ്രത്യേക ലക്ഷ്യത്തോടെ, അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണോ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് പരിശോധിക്കേണ്ടത്. അതിന് രണ്ടു കക്ഷികളും തെളിവുകള്‍ ഹാജരാക്കട്ടെ. കോടതി പറഞ്ഞു.

സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം ഒരു സംഘടനയുടെ ആരാധകനും (അനുഭാവി) അതിലെ ഒരംഗവും (സ്വയംസേവകന്‍) തമ്മില്‍ പ്രഥമദൃഷ്ട്യാ തന്നെ വ്യത്യാസമുണ്ട്. ആരാധകന് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായോ ലക്ഷ്യങ്ങളുമായോ അംഗീകൃത ബന്ധം ഉണ്ടാവില്ല. എന്നാല്‍ അംഗം അഥവാ സ്വയംസേവകന്‍ സംഘടനയുമായി ചേര്‍ന്നു നില്‍ക്കുന്നയാളാണ്. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നു. കോടതി വ്യക്തമാക്കി. പൊതുകാര്യപ്രസക്തനായ വ്യക്തിയെ (ഇവിടെ രാഷ്‌ട്രീയ നേതാവായ മന്ത്രി) അപമാനിക്കാന്‍ വേണ്ടി ഒരു സംഘടനയുടെ ആരാധകന്‍ നല്‍കിയ ഹര്‍ജിയെന്നു പറഞ്ഞ് ഹര്‍ജി തള്ളാനാവില്ലെന്നും കോടതി വ്യക്തമാക്കി. താന്‍ സ്വയംസേവകനാണെന്നും പരാമര്‍ശം തന്നെ മുറിവേല്‍പ്പിച്ചുവെന്നും ഹര്‍ജിക്കാരന്‍ തെളിയിക്കട്ടെ. അതേസമയം സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന വാദം വിചാരണ വേളയില്‍ അദ്ദേഹവും (പ്രിയങ്ക്) തെളിയിക്കട്ടെ. ജഡ്ജി വ്യക്തമാക്കി.


Janmabhumi 1 hour ago
Home Flash News