നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന
ജൂലൈ ആറ് മുതല്‍ 9 വരെ ബ്രിക്‌സ് വനിതാ സമിതി യോഗവും ബ്രിക്‌സ് വനിതാ മന്ത്രിതല യോഗവും കൊച്ചിയില്‍ നടക്കും. ‘പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തോടെ 2026 ജനുവരി ഒന്നിനാണ് ഭാരതം ബ്രിക്‌സിന്റെ (ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ബ്രിക്‌സ്) അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വെറുമൊരു മുദ്രാവാക്യത്തിനപ്പുറം, കോടിക്കണക്കിന് സ്ത്രീകളിലേക്ക് എത്തിച്ചേര്‍ന്ന പ്രായോഗികവും പ്രവര്‍ത്തനധിഷ്ഠിതവുമായ ഒരു വികസന മാതൃകയാണ് കൊച്ചിയില്‍ നടക്കുന്ന മന്ത്രിതല യോഗത്തില്‍ ഭാരതം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
ചരിത്രപരമായ പശ്ചാത്തലവും ആശയമാറ്റവും
കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ‘സ്ത്രീകളുടെ വികസനം’ എന്നതില്‍ നിന്ന് ‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം’ എന്നതിലേക്ക് നയപരമായ മാറ്റം കൊണ്ടുവരാന്‍ ഭാരതത്തിന് കഴിഞ്ഞു. 2023-ലെ ജി20 അധ്യക്ഷസ്ഥാനത്തിലൂടെ ഈ ചിന്താഗതിക്ക് ഭാരതം ആഗോള അംഗീകാരം നേടിക്കൊടുത്തു. ഇത് ഭാരതത്തിന് ഒരു പുതിയ ആശയമല്ല; മറിച്ച് ഋഗ്വേദകാലത്തെ ലോപാമുദ്ര, ഘോഷാ തുടങ്ങിയ വനിതാ ഋഷിമാരിലൂടെയും ഗാര്‍ഗി, മൈത്രേയി തുടങ്ങിയ തത്ത്വചിന്തകരിലൂടെയും സ്ത്രീത്വത്തെ ശക്തിയുടെയും ജ്ഞാനത്തിന്റെയും ഉറവിടമായി കണ്ട തനത് സംസ്‌കാരത്തിന്റെ സമകാലിക രൂപമാണ്.
രാഷ്‌ട്രീയ പ്രാതിനിധ്യവും തീരുമാനമെടുക്കാനുള്ള അവകാശവും
ഭാരതത്തിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ പകുതിയോളം സ്ത്രീകളാണ്. ലോകത്തെ ഏറ്റവും വലിയ വനിതാ ജനപ്രതിനിധികളുടെ ശൃംഖലകളിലൊന്നാണിത്. കൂടാതെ, ‘നാരി ശക്തി വന്ദന്‍ അധിനിയം- 2023’ പ്രകാരം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇത് കേവലം പ്രാതിനിധ്യം ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകളെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും ക്ഷേമപദ്ധതികളും ഇട നിലക്കാരെ ഒഴിവാക്കിക്കൊണ്ട് ആധാറുമായി ബന്ധിപ്പിച്ച നേരിട്ടുള്ള പണക്കൈമാറ്റത്തിലൂടെ ആനുകൂല്യങ്ങള്‍ സ്ത്രീകളുടെ കൈകളിലേക്ക് നേരിട്ടെത്തുന്നു. ‘പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന’ വഴി 4.26 കോടിയിലധികം അമ്മമാര്‍ക്കായി 20,060 കോടിയിലധികം രൂപ പ്രസവാനുകൂല്യമായി അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത് ഇതിന് മികച്ച ഉദാഹരണമാണ്.
DAYNRLM പദ്ധതിയുടെ ഭാഗമായി 10.05 കോടിയിലധികം ഗ്രാമീണ സ്ത്രീകളെ 90.90 ലക്ഷത്തിലധികം സ്വയംസഹായ സംഘങ്ങളായി ഒന്നിപ്പിച്ചു. ഇതിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനായി 65,949 സ്ത്രീകള്‍ ഇന്ന് ബാങ്കിങ് സേവനങ്ങള്‍ വിദൂര പ്രദേശങ്ങളില്‍ എത്തിക്കുന്ന ‘ബി.സി. സഖികളായി’ (ബിസിനസ്സ് കറസ്‌പോണ്ടന്റ് ഏജന്റ്) പ്രവര്‍ത്തിക്കുന്നു. ‘ലഖ്പതി ദീദി’ പദ്ധതിയിലൂടെ, 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 1.48 കോടി സ്വയംസഹായ സംഘാംഗങ്ങളായ സ്ത്രീകള്‍ പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം നേടുന്ന നിലയിലെത്തി. 2026 ജനുവരിയില്‍ ആരംഭിച്ച ദേശീയ സംരംഭകത്വ ക്യാമ്പയിന്‍ വഴി 50 ലക്ഷം സ്ത്രീകള്‍ക്ക് കൂടി പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.