Select Location
All Locations
State
Region
City / District
പാക്കിസ്ഥാനിൽ വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ കേസ്

പാക്കിസ്ഥാനിൽ വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ കേസ്

രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ കൊച്ചുമകൻ റാസ ദാറിനെതിരെ ലാഹോർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, പണം തട്ടൽ, ബ്ലാക്ക്മെയിലിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ്.

എഫ്.ഐ.ആർ പ്രകാരം, ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് റാസ ദാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഡച്ച്, വെനിസ്വേലൻ പൗരത്വമുള്ളവരാണ് പരാതിക്കാർ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതിന് ശേഷമാണ് തങ്ങൾ ഈ ക്രൂരതയ്ക്ക് ഇരയായതെന്ന് ഇവർ അവകാശപ്പെടുന്നു. സിംഗപ്പൂരിൽ വെച്ച് ഈ സംഘത്തിലെ ചിലരുമായി പരിചയപ്പെട്ടതിന് ശേഷമാണ് രണ്ട് വിദേശ വനിതകളും ലാഹോറിലേക്ക് എത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പാകിസ്ഥാനിൽ എത്തിയ ഉടൻ ഇവരെ തട്ടിക്കൊണ്ടുപോവുകയും, ശാരീരികമായി ഉപദ്രവിക്കുകയും, നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

പ്രതികൾ തങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ആവശ്യപ്പെട്ടതായും പണം നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കൂടാതെ തങ്ങളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അത് ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും എഫ്.ഐ.ആറിൽ ആരോപിക്കുന്നുണ്ട്. സംഘത്തിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും അവയവങ്ങൾ വിൽക്കുമെന്നും ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിലെ ആരോപണങ്ങളിൽ പറയുന്നു. എഫ്.ഐ.ആറിൽ പേരുള്ള അഞ്ച് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണങ്ങളുമായി ബന്ധപ്പെട്ട് റാസ ദാറോ ഇഷാഖ് ദാറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേസിൽ ആരെങ്കിലും അറസ്റ്റിലായിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.


News18Kerala 1 hour ago
Home Flash News