Select Location
All Locations
State
Region
City / District
കിലോക്കണക്കിന് സ്വർണവും വെള്ളിയും ആഡംബര വില്ലകളും; തെലങ്കാനയിൽ ഡിഎസ്പിയ്ക്ക് കോടികളുടെ ബിനാമി സ്വത്ത്

കിലോക്കണക്കിന് സ്വർണവും വെള്ളിയും ആഡംബര വില്ലകളും; തെലങ്കാനയിൽ ഡിഎസ്പിയ്ക്ക് കോടികളുടെ ബിനാമി സ്വത്ത്

കർണാടകയിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അഴിമതി വിരുദ്ധ ബ്യൂറോയുടെ (ACB) പിടിയിലായി. ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസിൽ (PCS) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) ആയി സേവനമനുഷ്ഠിക്കുന്ന സങ്കിറെഡ്ഡി ഭീം റെഡ്ഡിയെയാണ് എസിബി സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 7.40 ഓടെ ഇബ്രാഹിംബാഗിലെ വസതിയിൽ നിന്നായിരുന്നു അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഭീം റെഡ്ഡി കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് എസിബിയുടെ കണ്ടെത്തൽ. കേസിൽ വിശദമായ അന്വേഷണത്തിനായി ഇയാളെ എസിബി കോടതിയിൽ ഹാജരാക്കും. ഡിഎസ്പിയുടെയും അദ്ദേഹത്തിന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ബിനാമിദാർമാർ എന്നിവരുമായി ബന്ധപ്പെട്ട 15-ലധികം സ്ഥലങ്ങളിൽ തെലങ്കാനയിലും കർണാടകയിലുമായി എസിബി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഹൈദരാബാദിലെ ആഡംബര വില്ല, ഗച്ചിബൗളിയിലെയും തെല്ലാപൂരിലെയും ഫ്‌ളാറ്റുകൾ, വാണിജ്യ സമുച്ചയങ്ങളിലെ ഓഹരികൾ, വിവിധയിടങ്ങളിലെ പ്ലോട്ടുകൾ എന്നിവയ്ക്ക് പുറമെ ബെംഗളൂരുവിലെ ദേവനഹള്ളിയിലും വികാരാബാദിലും ഉൾപ്പെടെ വൻതോതിൽ കൃഷിഭൂമിയും ഇയാൾ സമ്പാദിച്ചിട്ടുണ്ട്. കൂടാതെ ഒരു റോക്ക് സാൻഡ് മിനറൽസ് കമ്പനിയിൽ മാത്രം 75 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി.

ഡിഎസ്പിയുടെ വസതിയിൽ നിന്ന് 3.60 ലക്ഷം രൂപയും ഇയാളുടെ ബിനാമിദാരുടെ വീട്ടിൽ നിന്ന് 40 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതിനെല്ലാം പുറമെ രണ്ടു കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 20 കിലോഗ്രാം വെള്ളിയാഭരണങ്ങളുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 20 ലക്ഷത്തോളം രൂപയുടെ നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഏറ്റവും നിർണായകമായത് ഭീം റെഡ്ഡിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഒരു സ്വകാര്യ കൈയെഴുത്ത് ഡയറിയാണ്. കഴിഞ്ഞ മേയ് മാസത്തിൽ ഭാര്യയോടൊപ്പം ചാർ ധാം തീർത്ഥാടനത്തിന് പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ ഈ ഡയറി എഴുതിയത്. തനിക്ക് എവിടെയൊക്കെ സ്വത്തുക്കളുണ്ട്, ആരൊക്കെയാണ് ബിനാമികൾ, എവിടെയൊക്കെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട് എന്നതിന്റെ കൃത്യമായ വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു.

തീർത്ഥാടന വേളയിൽ എന്തെങ്കിലും സംഭവിച്ചാൽ മക്കൾക്ക് അറിയാൻ വേണ്ടി ഈ ഡയറിയുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഇയാൾ വാട്ട്‌സ്ആപ്പ് വഴി ആൺമക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ ഡയറി കൈക്കലാക്കാൻ കഴിഞ്ഞതാണ് അഴിമതിക്കാരനായ ഡിഎസ്പിക്കെതിരെയുള്ള ഏറ്റവും ശക്തമായ തെളിവായി മാറിയതെന്ന് എസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജൂലൈ 2-ന് ആരംഭിച്ച റെയ്ഡുകൾക്കും തെളിവ് ശേഖരണങ്ങൾക്കും ഒടുവിലാണ് തിങ്കളാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


News18Kerala 1 hour ago
Home Flash News