'കോടതിയെ രാഷ്ട്രീയ വേദിയാക്കരുത്'; കരൂർ ദുരന്തത്തിൽ ഡിഎംകെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി
കരൂറിൽ നിലവിലെ മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയിയുടെ പ്രചരണറാലിക്കിടെ തിക്കിലുംതിരക്കിലുംപെട്ട് ആളുകൾ മരിച്ച സംഭവത്തിൽ ഡിഎംകെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു.
കരൂർദുരന്തത്തിലെ ചില പ്രതികൾ വിജയ് മന്ത്രിസഭയിലെ അംഗങ്ങളാണെന്നും അവർ അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിൽ പൊതുപ്രസ്താവനകൾ നടത്തുകയാണെന്നുമായിരുന്നു ഡിഎംകെയുടെ ആരോപണം.മുഖ്യമന്ത്രിയും മന്ത്രിമാരും കേസുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവനകൾ നടത്തുന്നത് തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതിന് മറുപടിയായി ജസ്റ്റിസ് മുഖ്യമന്ത്രിയുടെ യാത്രകളും സന്ദർശനങ്ങളും സുപ്രീം കോടതി നിയന്ത്രിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് ചോദിച്ചു. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങൾ കോടതി നിശ്ചയിക്കണോയെന്നും കോടതി ചൂണ്ടിക്കാട്ടി. അവരുടെ പ്രസ്താവനയ്ക്ക് രാഷ്ട്രീയമായി മറുപടി നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കേസിൽ രാഷ്ട്രീയ എതിരാളിക്ക് എങ്ങനെ കക്ഷിചേരാനാകുമെന്നും കോടതി ചോദിച്ചു.
2025 സെപ്റ്റംബർ 27-ന് കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയാണ് ദുരന്തമുണ്ടായത്. വൻ ജനക്കൂട്ടത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും കുറഞ്ഞത് 39 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടം പ്രതീക്ഷിച്ചതിലും കൂടുതലായതിനെ തുടർന്ന് നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.