സ്വർണം കാക്കാനാരപ്പാ? ‘ഓട്ടവും ചാട്ടവും’ അറിയാവുന്ന മല്ലന്മാർ വരുമപ്പാ; ഗാർഡുകളുടെ യോഗ്യതാ മാനദണ്ഡം പരിഷ്കരിച്ചു
കോട്ടയം ∙ ശബരിമലയിലെ സ്വർണപ്പാളി പൊതിഞ്ഞ ശ്രീകോവിലിനും ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയ്ക്കും ഇനി മുതൽ ‘ഓട്ടവും ചാട്ടവും’ അറിയാവുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ സ്ട്രോങ് റൂം ഗാർഡുകളുടെ യോഗ്യതാ മാനദണ്ഡം പരിഷ്കരിച്ചതോടെയാണിത്. ലോങ്ജംപിലും ഹൈജംപിലും ഓട്ടത്തിലുമൊക്കെ നിശ്ചിത മാർക്ക് നേടി ശാരീരികക്ഷമതാ പരീക്ഷകൂടി ജയിച്ചാൽ മാത്രമേ ഇനി സുരക്ഷാവിഭാഗത്തിൽ ജോലി ലഭിക്കൂ. ദേവസ്വം ബോർഡിലെ അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥർക്കു നല്ല കായികക്ഷമത ഉണ്ടായിരിക്കണമെന്ന വിജിലൻസ് എസ‌്‌പിയുടെ നിർദേശത്തെത്തുടർന്നാണു തീരുമാനം. പൊലീസ്, അഗ്നിരക്ഷാസേന വകുപ്പുകളിൽ നിശ്ചയിച്ചിട്ടുള്ള കായികക്ഷമതാ പരീക്ഷയാണു ബോർഡിന്റെ ഗാർഡ് നിയമനത്തിലും നിർബന്ധമാക്കിയത്.
ചാടിക്കടക്കണം, ഈ കടമ്പകൾ
ശാരീരികക്ഷമത തെളിയിക്കാൻ ഉദ്യോഗാർഥികൾക്കായി 8 കായികയിനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 5 എണ്ണത്തിൽ യോഗ്യതാ മാർക്ക് നേടിയാലേ പരീക്ഷ പാസാകൂ.
ഇനങ്ങളും യോഗ്യതാ മാനദണ്ഡവും
100 മീറ്റർ ഓട്ടം – 14 സെക്കൻഡ്
ഹൈജംപ് – 1.32 മീ.
ലോങ്‌ജംപ് – 4.57 മീ.
ഷോട്പുട് – 6.96 മീ.
ത്രോയിങ് ദ് ക്രിക്കറ്റ് ബോൾ – 60.96 മീ.
റോപ് ക്ലൈംപിങ് – 3.65 മീ.
പുൾ അപ് – 8
1500 മീറ്റർ ഓട്ടം – 5.44 മിനിറ്റ്