ശബരിമലയിലെ ‘കാണിപ്പൊന്ന്’ വേർതിരിച്ച് തിട്ടപ്പെടുത്തണം: ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം
പത്തനംതിട്ട ∙ ആറന്മുള സ്ട്രോങ് റൂമിൽ 80 ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ശബരിമലയിലെ ‘കാണിപ്പൊന്ന്’ പരിശോധിച്ചു തിട്ടപ്പെടുത്താൻ ആവശ്യമായ എല്ലാ സഹായവും ജസ്റ്റിസ് കെ.ടി.ശങ്കരന് നൽകാൻ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. കാണിപ്പൊന്ന് സൂക്ഷിച്ചിരിക്കുന്ന ചാക്കുകളിൽ സ്വർണം, വെള്ളി, മറ്റ് സാധനങ്ങൾ തുടങ്ങിയവയുണ്ട്. ഓരോ സാധനവും വേർതിരിച്ചു വേണം തിട്ടപ്പെടുത്താൻ. ഇതിനാവശ്യമായ സഹായം നൽകാനാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്.
ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് വിഷയം പരിഗണിച്ചത്. സ്ട്രോങ് റൂമിലെയും തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയ സാധനങ്ങളുടെയും സമഗ്രമായ മൂല്യനിർണയം നടത്താൻ കഴിഞ്ഞവർഷം സെപ്റ്റംബർ 29 നാണു ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ നിയോഗിച്ചത്. ശബരിമലയിലെ സ്വർണക്കൊള്ളയെ തുടർന്നായിരുന്നു ഇത്
സമഗ്ര മൂല്യനിർണയം ഏതാണ്ട് അവസാന ഘട്ടത്തിലാണെന്ന് സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ആറന്മുള സ്ട്രോങ് റൂമിൽ ‘കാണിപ്പൊന്ന്’ എന്ന് രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന 80 ചാക്കുകൾ നാലിന് തുറന്ന് പരിശോധിച്ചപ്പോൾ സ്വർണത്തിനും വെള്ളിക്കും പുറമേ മറ്റ് സാധനങ്ങളും കണ്ടെത്തി. ഇവ വേർതിരിക്കാതെ കൃത്യമായ മൂല്യനിർണയം സാധിക്കില്ലെന്ന് സ്പെഷൽ കമ്മിഷണർ റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ ആവശ്യമായ സഹായം നൽകാൻ കോടതി നിർദേശിച്ചത്. ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വഴിപാടുകൾ സുരക്ഷിതമായി സൂക്ഷിക്കാനായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാനും ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. ഓഗസ്റ്റ് 4ന് ഹർജി വീണ്ടും പരിഗണിക്കും.