ഇന്ത്യൻ പ്രവാസികൾ വേഗം നാട്ടിലേക്ക് ടിക്കറ്റ് എടുത്തോളൂ; ഇപ്പോൾ വൻ ലാഭം, ഓഗസ്‌റ്റിൽ നിരക്ക് കൂടും..!
ദുബായ്: ഈ മാസം ഇന്ത്യയിലേക്കുള്ള യാത്ര ചെയ്യാൻ ഒരുങ്ങുന്ന യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക ലാഭം. നിരവധി റൂട്ടുകളിലെ മടക്കയാത്രാ നിരക്ക് അടുത്ത ആഴ്‌ചകളെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വരെ കുറയുകയാണ് ഇപ്പോൾ. വടക്ക്, പടിഞ്ഞാറൻ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കുമുള്ള യാത്രാനിരക്ക് 1000 ദിർഹത്തിൽ താഴെയായി കുറഞ്ഞപ്പോൾ, ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് കൂടുതൽ നിരക്ക് തുടരുന്നു.
കുറഞ്ഞ നിരക്കുകൾ ജൂലൈയിൽ ഏതാനും ദിവസങ്ങൾ മാത്രം തുടരുമെന്നാണ് പല ട്രാവൽ ഏജന്റുമാരും പറയുന്നത്. ഓഗസ്‌റ്റിലെ യാത്രകൾക്ക് നിരക്ക് ഉയരും. പുറപ്പെടുന്ന വിമാനത്താവളത്തെ ആശ്രയിച്ചാണെങ്കിലും വില 20 ശതമാനത്തോളം കുറയുന്ന സാഹചര്യമാണ് നിലവിൽ. അബുദാബിയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇപ്പോൾ ദുബായേക്കാൾ വില കുറവാണ്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ഈ മാസം കുറഞ്ഞ നിരക്കാണ് ഉള്ളത്.
ഓഗസ്‌റ്റിൽ യാത്രക്കായി ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ പറയുന്നത്. നിലവിൽ വടക്ക്, പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ കുറവ് വന്നിരിക്കുന്നത്. ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കാണ്. എന്നാൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ദക്ഷിണേന്ത്യൻ ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് മുംബൈയും പൂനെയും വളരെ വിലകുറഞ്ഞതാണ്. അഹമ്മദാബാദ്: 1,029 ദിർഹം മുതൽ, ന്യൂഡൽഹി: 1,041 ദിർഹം മുതൽ, മുംബൈ: 1,074 ദിർഹം മുതൽ, പൂനെ: 1,114 ദിർഹം മുതൽ, ബെംഗളൂരു: 1,389 ദിർഹം മുതൽ, കോഴിക്കോട്: 1,578 ദിർഹം മുതൽ, മംഗളൂരു: 1,928 ദിർഹം മുതൽ എന്നിങ്ങനെയാണ് നിലവിൽ ജൂലൈ 21 മുതൽ 31 വരെയുള്ള കാലയളവിലെ ശരാശരി ടിക്കറ്റ് നിരക്കെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വടക്ക്, പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് നിലവിൽ മികച്ച സാമ്പത്തിക ലാഭം തന്നെ ഉണ്ടാവുമെന്നാണ് റിപ്പോർട്ട് പായുന്നത്. അതേസമയം കേരളത്തിലെയും തീരദേശ കർണാടകത്തിലെയും നഗരങ്ങളിലേക്കുള്ള നിരക്ക് ഈയിടെ കുറഞ്ഞെങ്കിലും ഇപ്പോഴും മറ്റ് ഇടങ്ങളിലേത് അപേക്ഷിച്ച് കൂടുതലായി തന്നെ നിൽക്കുകയാണ്.
വേനൽക്കാലത്തിന്റെ തുടക്കത്തിലെ യാത്രാ തിരക്കിന് ശേഷമുള്ള താത്കാലിക മാന്ദ്യമാണ് നിരക്ക് കുറയാൻ കാരണമെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് കൂടുതൽ കുടുംബങ്ങൾ യാത്ര ചെയ്യുകയും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ ഡിമാൻഡ് വർധിക്കുകയും ചെയ്യുന്നതിനാൽ ഓഗസ്‌റ്റിൽ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുമെന്നാണ് കരുതുന്നത്.