Select Location
All Locations
State
Region
City / District
കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

പത്തനംതിട്ട: കൊടുമണ്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഏറ്റവും അധികം പ്രയോജനം ലഭിക്കുക ദക്ഷിണേന്ത്യയിലെ ശബരിമല തീര്‍ത്ഥാടകര്‍ക്ക്. നിലവില്‍ രണ്ടു ദിവസം യാത്ര ചെയ്താണ് അയ്യപ്പ ഭക്തര്‍ കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നത്. ഇവിടെ നിന്നും റോഡുമാര്‍ഗം രണ്ട് മണിക്കൂറിലേറെ യാത്രചെയ്തു പമ്പയില്‍ എത്തുമ്പോഴേക്കും ഭക്തര്‍ തളര്‍ന്നവശരാകും. മലകയറി മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നാണ് ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്തുക. എന്നാല്‍ പത്തനംതിട്ട കൊടുമണ്ണില്‍ വിമാനത്താവളം നിര്‍മ്മിച്ചാല്‍ ഹൈദരാബാദില്‍ നിന്നും ഒന്നര മണിക്കൂറിലും ബെംഗളൂരുവില്‍ നിന്ന് ഒരു മണിക്കൂറിലും ഭക്തര്‍ക്ക് എത്താനാവും. ചെന്നൈയില്‍ നിന്നും 15 മണിക്കൂര്‍ ട്രെയിന്‍ യാത്ര ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ ഭക്തര്‍ക്ക് കൊടുമണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാം.

കൊടുമണ്ണില്‍ നിന്നും പമ്പയിലേക്ക് ഒന്നര മണിക്കൂറാണ് യാത്രാ സമയം. ഭക്തര്‍ക്ക് മലകയറി ദര്‍ശനം നടത്തി അന്നു തന്നെ മലയിറങ്ങി വിമാനത്തില്‍ മടങ്ങാന്‍ സാധിക്കും.

ഹൈക്കോടതി നിര്‍ദേശം മുഖ്യമന്ത്രിയെ ധരിപ്പിക്കും ശബരിമല വിമാനത്താവളത്തിനായി കൊടുമണ്‍ തോട്ടം പരിഗണിക്കണമെന്ന കാര്യം മുഖ്യമന്ത്രി വി. ഡി സതീശനെ ഉടന്‍ ധരിപ്പിക്കുമെന്ന് ശബരി സാംസ്‌കാരിക സമിതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് 2024 നവംബര്‍ 7 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പിയും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പ്രൊഫ വര്‍ഗീസ് പേരയില്‍ പറഞ്ഞു. ശബരിമല വിമാനത്താവളത്തിന് അനുയോജ്യമെങ്കില്‍ കൊടുമണ്‍ തോട്ടം കൂടി പരിഗണിക്കണമെന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിതില്‍ ജാംദര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്. ഇക്കാര്യം പിണറായി സര്‍ക്കാര്‍ പരിഗണിച്ചില്ല. കൊടുമണ്‍ തോട്ടം വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തനം. 2000 ന് മുന്‍പ് വരെ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കോര്‍പ്പറേഷന്‍ നഷ്ടത്തിലാകാനുള്ള പ്രധാന കാരണം അധികൃതരുടെ പിടിപ്പുകേടാണ്. അതിനാല്‍ പുതിയ സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിനായി കൊടുമണ്‍ തോട്ടത്തെ പരിഗണിക്കുമെന്നാണ് ശബരി സാംസ്‌കാരിക സമിതിയുടെ പ്രതീക്ഷ.


Janmabhumi 1 hour ago
Home Flash News