അന്ന് സിപിഎം തുറമുഖം പിടിച്ചെടുത്തു; ഇപ്പോൾ ആരോപിക്കുന്നത് ദുരൂഹത
തിരുവനന്തപുരം ∙ തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിൽ ദുരൂഹത ആരോപിക്കുന്ന സിപിഎം, രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു തുറമുഖ വകുപ്പ് ഘടകകക്ഷിയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. തുറമുഖ പദ്ധതി പൂർത്തീകരണത്തിലേക്കു നീങ്ങിയ ഘട്ടത്തിൽ പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞ് വകുപ്പ് ചർച്ചയില്ലാതെ തിരിച്ചെടുത്തു. സിപിഎം വകുപ്പ് ഏറ്റെടുത്തു മൂന്നു മാസത്തിനകം സർക്കാർ–അദാനി ആർബിട്രേഷൻ തർക്കം അവസാനിപ്പിച്ച് ഒത്തുതീർപ്പിനു വഴങ്ങുകയും ചെയ്തു.
വിഎസ് സർക്കാരിന്റെ തുടക്കകാലത്ത് സിപിഎമ്മിലെ എം.വിജയകുമാറായിരുന്നു തുറമുഖ മന്ത്രി. എന്നാൽ, കേരള കോൺഗ്രസ് (ജോസഫ്) മുന്നണി വിട്ടതിനെത്തുടർന്നുള്ള പിളർപ്പിൽ 2010ൽ ഘടകകക്ഷിയിലെ വി.സുരേന്ദ്രൻപിള്ളയ്ക്ക് ഈ വകുപ്പു നൽകി. ഒന്നാം പിണറായി സർക്കാരിൽ കോൺഗ്രസ് (എസ്) നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു അഞ്ചുവർഷവും തുറമുഖ മന്ത്രി. 2015ൽ തറക്കല്ലിട്ടെങ്കിലും തുറമുഖനിർമാണത്തിന്റെ തുടക്കം കടന്നപ്പള്ളിയുടെ സമയത്തായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഘടകകക്ഷികൾക്കു ടേം വ്യവസ്ഥ കൊണ്ടുവന്നു.
അഹമ്മദ് ദേവർകോവിലിനും കടന്നപ്പള്ളിക്കും രണ്ടരവർഷം വീതം ലഭിച്ചപ്പോൾ ആദ്യ ടേം ലഭിച്ച ദേവർകോവിലിനു തുറമുഖം തന്നെ കിട്ടി. എന്നാൽ, കടന്നപ്പള്ളി മന്ത്രിയായതോടെ തുറമുഖം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വിശ്വസ്തനുമായ വി.എൻ.വാസവനു മുഖ്യമന്ത്രി കൈമാറി. ഇതിനു മുന്നോടിയായി വിസിൽ (വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ്) എംഡിയെയും മാറ്റി. 5 വർഷം തുറമുഖം ഭരിച്ച മന്ത്രിയെന്ന പരിഗണന കടന്നപ്പള്ളിക്കു നൽകിയില്ല. കടന്നപ്പള്ളി റജിസ്ട്രേഷൻ, മ്യൂസിയം വകുപ്പിലൊതുങ്ങി. തുറമുഖ നിർമാണം 5 വർഷം വൈകിച്ച അദാനി കമ്പനി കരാർ പ്രകാരം 911 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നു സർക്കാർ 2021ൽ ആവശ്യപ്പെട്ടിരുന്നു. സാമഗ്രികളുടെ ദൗർലഭ്യം, പ്രകൃതിക്ഷോഭം എന്നിവ മൂലമാണു നിർമാണം വൈകിയതെന്നു വാദിച്ച അദാനി, സർക്കാരിനെതിരെ ആർബിട്രേഷൻ ഫയൽ ചെയ്തു.
നിർമാണ പൂർത്തീകരണ കാലാവധി 2024 ഡിസംബറിലേക്കു നീട്ടണമെന്നും തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം 45 വർഷമാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അദാനിയുടെ രണ്ട് ആവശ്യവും അംഗീകരിച്ച് 2024ൽ സപ്ലിമെന്ററി കരാർ വച്ചു. കരാർ ലംഘനത്തിന് 219 കോടി രൂപ തടഞ്ഞുവച്ചെങ്കിലും 2028ന് അകം അടുത്ത ഘട്ടം പൂർത്തീകരിച്ചാൽ ഇതിൽ 175.2 കോടി രൂപ തിരിച്ചുനൽകാമെന്നു ധാരണയായി. ശേഷിച്ച 43.8 കോടി രൂപ പിഴയാണെന്നു സർക്കാർ ആദ്യം പറഞ്ഞെങ്കിലും, വിജിഎഫായി ( വയബിലിറ്റി ഗ്യാപ് ഫണ്ട് ) സർക്കാർ നൽകേണ്ട തുകയിൽ 43.8 കോടി രൂപയുടെ കുറവ് അദാനി അനുവദിച്ചതാണെന്നു പിന്നീട് വിശദീകരിച്ചതോടെ ഒരു പിഴയും നൽകാതെ അദാനി തടിയൂരി.
2034 മുതൽ സർക്കാരിനു വരുമാന വിഹിതം (പ്രീമിയം) നൽകാമെന്ന ആദ്യ കരാറിലെ വ്യവസ്ഥ ഒന്നുകൂടി എഴുതിച്ചേർത്തതാണ് സപ്ലിമെന്ററി കരാർ വഴി സംസ്ഥാനത്തിനുണ്ടായ ‘നേട്ടം’. 2045ൽ ചെയ്യേണ്ട രണ്ടാംഘട്ടം 2028ൽ തീർക്കാമെന്ന അദാനിയുടെ വാഗ്ദാനവും സപ്ലിമെന്ററി കരാറിന്റെ ഭാഗമാണ്. ഇതു വലിയ നേട്ടമായി കഴിഞ്ഞ സർക്കാർ അവകാശപ്പെട്ടിരുന്നു. 2040ന് അകം തീർക്കേണ്ട അവസാനഘട്ടം 2028ന് അകം തീർക്കാമെന്നു 2024ൽ അദാനി വാഗ്ദാനം ചെയ്തത് ഓഹരി വിൽപന ലക്ഷ്യമിട്ടാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.