Select Location
All Locations
State
Region
City / District
യുഡിഎഫ് ധവളപത്രം വാഗ്ദാന ലംഘനങ്ങൾക്കുള്ള മുൻകൂർ ജാമ്യം;തുറന്നടിച്ച് പിണറായി വിജയൻ

യുഡിഎഫ് ധവളപത്രം വാഗ്ദാന ലംഘനങ്ങൾക്കുള്ള മുൻകൂർ ജാമ്യം;തുറന്നടിച്ച് പിണറായി വിജയൻ

തിരുവനന്തപുരം; യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാനലംഘനങ്ങൾക്ക്‌ മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ്‌ അവർ അവതരിപ്പിച്ച ധവളപത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റിന്റെ മുൻഗാമിയായിരുന്നു അത്‌. തന്ത്രപ്രധാന ധാതുഖനനം സ്വകാര്യകുത്തകകൾക്ക്‌ തുറന്നുകൊടുക്കാനുള്ള ബജറ്റ്‌ നിർദേശത്തിന്‌ വഴിമരുന്നിട്ടത്‌ ആ ധവളപത്രമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം, അഷ്വേഡ്‌ പെൻഷൻ, സ്‌ത്രീസുരക്ഷാ പദ്ധതി, കണക്ട്‌ ടു വർക്ക്‌ തുടങ്ങിവയെല്ലാം യു ഡി എഫ് സർക്കാർ അട്ടിമറിക്കുകയാണ്. പ്രവാസികളുടെ പെൻഷനും മുടങ്ങി. ഇത്തരം വാഗ്‌ദാന ലംഘനങ്ങൾ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ധവളപത്രത്തിലൂടെ സർക്കാർ പ്രഖ്യാപിച്ചത്.

വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനകളാണ്‌ ധവളപത്രത്തിൽ കുത്തിനിറച്ചത്‌. എൽ ഡി എഫ്‌ ഭരണകാലത്ത്‌ സംസ്ഥാനത്തിന്റെ ബാധ്യത അനിയന്ത്രിതമായി ഉയർന്നുവെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. 2011-16 ൽ യു ഡി എഫ്‌ കാലത്ത്‌ കടബാധ്യത 1.93 മടങ്ങാണ്‌ വർധിച്ചത്‌. ഇത്‌ 2016-21ൽ 1.86 മടങ്ങായും 2021-26ൽ 1.6 മടങ്ങായും കുറയുകയാണുണ്ടായത്‌. കടബാധ്യതയും ആഭ്യന്തര വരുമാനവും തമ്മിലുള്ള അനുപാതം കോവിഡ്‌ കാലത്ത്‌ 38 ശതമാനമായിരുന്നത്‌ പിന്നീടുള്ള അഞ്ചു വർഷത്തിൽ 34 ശതമാനമായി കുറഞ്ഞു. ഇത്തരം കണക്കുകൾ ധവളപത്രത്തിൽ പൂർണമായി യു ഡി എഫ് മറച്ചുവച്ചു.

2016 മുതലുള്ള പത്തുവർഷം നടത്തിയ ധനദൃഡീകരണ ഉദ്യമങ്ങളെ താറടിക്കാനാണ്‌ ശ്രമം. ധൂർത്ത്‌, നികുതി പിരിവിലെ കെടുകാര്യസ്ഥത തുടങ്ങിയ പ്രചാരണങ്ങൾ വ്യാജ നിർമിതികളാണ്‌. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്‌ തനത് നികുതി വരുമാനം ഇരട്ടിയായി. ആകെ റവന്യൂച്ചെലവിന്റെ 60 ശതമാനത്തിലധികം തനത് നികുതി വരുമാനമാണ്‌. രാജ്യമാകെ എടുത്താലിത്‌ 50 ശതമാനത്തിൽ താഴെയാണ്‌. ലക്ഷം കോടിക്കുമുകളിൽ കുടിശിക കൊടുക്കാനുണ്ടെന്ന്‌ പ്രചരിപ്പിച്ചു. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന കണക്കുകൾ അവതരിപ്പിക്കാനായിട്ടില്ല.ബിൽ ഡിസ്‌ക‍ൗണ്ടിങ്‌ പോലുള്ള സാധാരണ പ്രക്രിയകളെ വളച്ചൊടിച്ചാണ്‌ അവതരിപ്പിക്കുന്നത്‌. എന്നിട്ടുപോലും പ്രതിപക്ഷത്തിരുന്ന്‌ യു ഡി എഫ്‌ നടത്തിയ വ്യാജപ്രചാരണങ്ങൾ പൊളിയുന്നതാണ്‌ കണ്ടത്‌.

ബി ജെ പി നയിക്കുന്ന കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുമേൽ ഏർപ്പെടുത്തിയ ഉപരോധ സമാനമായ നിയന്ത്രണങ്ങളെ ന്യ‍ായീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതെല്ലാം കേരളത്തിൽ നടന്ന പശ്‌ചാത്തല സ‍ൗകര്യവികസന ഉദ്യമങ്ങളെ പിറകോട്ട്‌ അടുപ്പിക്കും. പൊതുമേഖലയെ ഒഴിവാക്കേണ്ട ഒന്നായി ചിത്രീകരിക്കുകയാണ്‌. വ്യാജപ്രചാരണങ്ങൾക്ക്‌ കാലപരിധിയുണ്ട്‌. എന്നാൽ, ഇവർക്കതില്ല. ഒന്നുതീർന്നാൽ മറ്റൊന്ന്‌ എന്ന തന്ത്രമാണ്‌ യു ഡി എഫും പാർശ്വവർത്തികളും സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.


One India Malayalam 1 hour ago
Home Flash News