സ്പാനിഷ് അർമാഡയുടെ ‘ബാഴ്‌സ എഞ്ചിൻ’
ഡാലസ്: 'കോച്ചേരിയിലെ രാജൻ മോനെയൊക്കെ തീർത്ത്', ഇക്കഴിഞ്ഞ രാത്രിമുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വാചകമാണിത്. ഫിഫ ലോകകപ്പ് സെമിയിൽ ഫ്രാൻസിനെ കീഴടക്കി സ്‌പെയിൻ ഫൈനലിൽ പ്രവേശിച്ചതിനു പിന്നാലെ മലയാളി സ്‌പെയിൻ ആരാധകരുടെ സ്റ്റാറ്റസ് ഭരിക്കുന്ന ഐറ്റം. ഈ ലോകകപ്പിലെ ഏറ്റവും മൂർച്ചയേറിയ ആക്രമണ നിര ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. കിലിയൻ എംബാപ്പെയും മൈക്കൽ ഒലീസെയും ഒസ്മാൻ ഡെംബെലെയും ഡെസീറെ ഡുവെയും അണിനിരക്കുന്ന ഫ്രാൻസിന്റെ മുന്നേറ്റനിര. ആ മൂർച്ചയേറിയ ആയുധത്തെയാണ് അതിലും മൂർച്ചയേറിയ പ്രതിരോധമുയർത്തി സ്പാനിഷ് നിര പൂട്ടിക്കെട്ടിയത്.
കിലിയൻ എംബാപ്പെ-ഒസ്മാൻ ഡെംബലെ-മൈക്കൽ ഒലീസെ-ഡെറീറെ ഡുവെ സഖ്യം ഈ ലോകകപ്പിലെ ഏറ്റവും മാരകമായ ആക്രമണനിരയായിരുന്നു. അതിവേഗക്കാരായ എംബാപ്പെയേയും ഡെംബെലെയേയും ഗോൾവഴി കണ്ടെത്തി ഇരുവരിലേക്കും പന്തെത്തിക്കുന്നതിൽ മിടുക്കനായ ഒലീസെയേയും വിങ്ങുകളിലൂടെ മികച്ചരീതിയിൽ ആക്രമണം സംഘടിപ്പിക്കാൻ കഴിയുന്ന ഡുവെയേയും ബാർക്കോളയേയുമെല്ലാം പിടിച്ചുകെട്ടിയാണ് സ്‌പെയിൻ, ഫ്രാൻസിനെ സമ്മർദത്തിലാക്കിയത്.
പ്രതിരോധത്തിലും മുന്നേറ്റത്തിലും സ്‌പെയിൻ ഒരുപോലെ തിളങ്ങിയ മത്സരമായിരുന്നു സെമിയിലേത്. അതിന് അവരെ സഹായിച്ചതോ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ താരങ്ങളും. ആദ്യ ഇലവനിലുണ്ടായിരുന്ന ലമിൻ യമാൽ, പാവു കുബാർസി, ഡാനി ഓൽമോ എന്നിവരും പകരക്കാരായി ഇറങ്ങിയ പെഡ്രിയും ഫെരാൻ ടോറസും അക്ഷരാർഥത്തിൽ മൈതാനം നിറഞ്ഞു കളിക്കുകയായിരുന്നു.
ഏതൊരു എതിർ ടീമിനും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ ഉണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. ഗോളടിച്ചും ഗോളടിപ്പിച്ചും ഈ ലോകകപ്പിൽ മിന്നും ഫോമിലായിരുന്നു എംബാപ്പെ. ആ എംബാപ്പെയാണ് പലപ്പോഴും കാലിൽ പന്ത് ഒന്ന് തൊടാൻ പോലും കിട്ടാതെ കഴിഞ്ഞ ദിവസം മൈതാനത്ത് അലഞ്ഞ് നടന്നത്. തന്റെ ആർക്കിൽ കിട്ടുന്ന പന്തിൽ ഒരു ഷോട്ട് കൃത്യമായി എടുക്കാൻ പോലും സ്‌പെയിൻ എംബാപ്പെയെ അനുവദിച്ചില്ല. ഇത്ര കൃത്യമായി അദ്ദേഹത്തെ പൂട്ടിയതോ പാവു കുബാർസിയെന്ന 19-കാരൻ പയ്യനും. കഴിഞ്ഞ ദിവസം കുബാർസിയുടെ പോക്കറ്റിലായിരുന്നു എംബാപ്പെ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. യൂൾസ് കുൺഡെയുടെ ഒരു അപകടകരമായ ക്രോസ് വലതുവിങ്ങിൽ നിന്ന് ബാഴ്‌സ ബോക്‌സിലേക്ക് വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. എന്നാൽ ആ സമയം എംബാപ്പെയെ കൃത്യമായി തടഞ്ഞ് അപകടമൊഴിവാക്കിയത് കുബാർസിയായിരുന്നു.
കഴിഞ്ഞ ഏതാനും സീസണുകളിലായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പ്രതിരോധത്തിലെ വിശ്വസ്തനാണ് കുബാർസി. ബാഴ്‌സയുടെ അതീവ അപകട സാധ്യതയുള്ള ഹൈലൈൻ ഡിഫൻസിന് നേതൃത്വം കൊടുക്കുന്ന താരം. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിലടക്കം ഏതാനും പിഴവുകൾ താരത്തിന് സംഭവിച്ചിട്ടുണ്ടെങ്കിലും സ്‌പെയിനിൽ ലൂയിസ് ഡെലാ ഫ്യുഎന്റെയുടെ കീഴിൽ കളിക്കുന്ന കുബാർസി പക്ഷേ പിഴവുകളൊന്നുമില്ലാതെ പന്തു തട്ടുന്ന താരമാണ്. മാത്രമല്ല മുന്നേറ്റ നിരയ്ക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള താരത്തിന്റെ മികവ് കൈയടി അർഹിക്കുന്നതാണ്. ബെൽജിയത്തിനെതിരായ ക്വാർട്ടറിൽ മിക്കേൽ മെറീനോയുടെ വിജയഗോളിന് കാരണമായതും കുബാർസിയായിരുന്നു.
കഴിഞ്ഞ ദിവസം സ്‌പെയിനിന്റെ മധ്യനിരയിൽ നിറഞ്ഞുകളിച്ച താരമാണ് ഡാനി ഓൽമോ. പലപ്പോഴും ഫ്രാൻസ് പ്രതിരോധത്തിന് ഓൽമോ സൃഷ്ടിച്ച തലവേദന ചില്ലറയൊന്നുമല്ല. പെഡ്രോ പോറോയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും മറ്റാരുമായിരുന്നില്ല. മിക്കെൽ ഒയർസബാലിന് പന്തെത്തിക്കുന്നതിനൊപ്പം തന്നെ എതിരാളിയിൽ നിന്ന് പന്ത് തിരിച്ചെടുക്കുന്നതിലും ഓൽമോ ഒരുപോലെ മികവ് പുലർത്തി.