PoK-ലെ പ്രതിഷേധം; പൂർണ ഉത്തരവാദി പാകിസ്താൻ, പതിറ്റാണ്ടുകളുടെ വ്യവസ്ഥാപിതമായ ചൂഷണത്തിന്റെ ഫലം- ഇന്ത്യ
ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്താന്റെ 'പതിറ്റാണ്ടുകൾ നീണ്ട വ്യവസ്ഥാപിതമായ ചൂഷണത്തിന്റെയും മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെയും' ഫലമാണെന്ന് ഇന്ത്യ. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് പകരം പാകിസ്താൻ അമിതമായ ബലം ഉപയോഗിച്ചാണ് ഈ വിയോജിപ്പുകളോട് പ്രതികരിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ചൊവ്വാഴ്ച കുറ്റപ്പെടുത്തി.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നടത്തിയ മീഡിയ ബ്രീഫിങ്ങിലാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. ഈ വിഷയത്തിന് പുറമെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുപോക്ക്, നീരവ് മോദിയുടെ കൈമാറ്റം, കാനഡയിലെ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനം എന്നീ വിഷയങ്ങളിലും ബ്രീഫിങ്ങിൽ ഇന്ത്യ നിലപാട് വ്യക്തമാക്കി. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾ ദശാബ്ദങ്ങളായുള്ള അടിച്ചമർത്തലിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഫലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'പാക് അധീന ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്താന്റെ പതിറ്റാണ്ടുകൾ നീണ്ട വ്യവസ്ഥാപിതമായ ചൂഷണത്തിന്റെയും, മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെയും, അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ ഭരണപരമായ അടിച്ചമർത്തലുകളുടെയും നേരിട്ടുള്ള പ്രത്യാഘാതമാണ്.' ജയ്‌സ്വാൾ പറഞ്ഞു.
'പ്രാദേശിക ജനതയുടെ നിയമാനുസൃതമായ പരാതികൾ പരിഹരിക്കുന്നതിന് പകരം, പാകിസ്താൻ ഭരണകൂടം അമിതമായ പോലീസ് അതിക്രമങ്ങളിലൂടെയാണ് പ്രതികരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് നേരെയുള്ള ഈ കടുത്ത അധിക്ഷേപങ്ങൾക്കും തെറ്റായ നടപടികൾക്കും അന്താരാഷ്ട്ര സമൂഹം പാകിസ്താനെ പൂർണമായും ഉത്തരവാദികളാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു. പാക് അധീന ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിരന്തരം നിലപാടെടുത്തിട്ടുണ്ട്, കൂടാതെ പാകിസ്താൻ ഈ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായും ജനങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതായും ആവർത്തിച്ച് കുറ്റപ്പെടുത്തിയിട്ടുമുണ്ട്. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾക്ക് പുറമെ, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 ഫെബ്രുവരി 28 മുതൽ ഗൾഫ് മേഖലയിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 'ഞങ്ങൾ പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗതത്തിനായി ഞങ്ങൾ തുടർന്നും ആഹ്വാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ സാമ്പത്തിക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്.' അദ്ദേഹം പറഞ്ഞു. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വർഷം അവസാനം ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകളെക്കുറിച്ച്, 'മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി നൽകിയ പ്രസ്താവനയോ അഭിമുഖമോ സംബന്ധിച്ച്, ഈ കാര്യത്തിൽ ഞങ്ങളുടെ സമീപനത്തിൽ മാറ്റമൊന്നുമില്ല... ഏതൊരു കൈമാറ്റവും (extradition) ഒരു നിയമപരമായ പ്രശ്‌നമാണ്, അത് അതനുസരിച്ച് കൈകാര്യം ചെയ്യപ്പെടും.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.