'പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്; ഹിന്ദു നേതാക്കളെ കാണാൻ പറ്റില്ലെന്ന് പറയാനാകുമോ?' മുഖ്യമന്ത്രി
ഹിന്ദു ഐക്യവേദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് രഹസ്യമായിട്ടല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി വിജയൻ ആർഎസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടതുപോലെ താൻ ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''താൻ ജനങ്ങളെ കാണുന്ന പൊതുസമയത്താണ് ഹിന്ദു ഐക്യവേദി പ്രവർത്തകരും കാണാനെത്തിയത്. കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ അവർക്ക് സമയം നൽകി. അവർ വന്ന് ഒരു നിവേദനം നൽകുകയും ചെയ്തു. അതിൽ എന്താണ് തെറ്റ്? ഞാൻ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മാത്രം മുഖ്യമന്ത്രിയാണോ? അതോ കേരളത്തിന്റെ മുഖ്യമന്ത്രിയോ? ഒരാൾ കാണാൻ അനുവാദം ചോദിച്ചാൽ പറ്റില്ലെന്ന് പറയാൻ എനിക്ക് കഴിയുമോ? അങ്ങനെ പറയുന്നതല്ലേ യഥാർത്ഥ തെറ്റ്?"– മുഖ്യമന്ത്രി ചോദിച്ചു.
ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണെന്ന മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തിനും വി.ഡി. സതീശൻ ശക്തമായ ഭാഷയിൽ മറുപടി നൽകി.
"ഞാൻ ആരെയും ഒളിച്ചല്ല കണ്ടത്. പിണറായി വിജയൻ ചെയ്തതുപോലെ മാധ്യമപ്രവർത്തകരെ മാറ്റിനിർത്തി, വേറെ കാറിൽ കയറി മസ്കറ്റ് ഹോട്ടലിൽ പോയി രഹസ്യമായി ആർഎസ്എസ് നേതാക്കളെ കാണുന്ന പരിപാടി എനിക്കില്ല," എന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ ഓഫീസിലെ കൂടിക്കാഴ്ചകളെല്ലാം സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്നെ ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി വ്യക്തത വരുത്തി.
ബജറ്റിന്റെ തിരക്കിലായിരുന്നതിനാലാണ് സുകുമാരൻ നായർ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ കഴിയാതിരുന്നത്. അപ്പോൾ തന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഫോൺ കൈകാര്യം ചെയ്തത്. എന്നാൽ തിരക്കുകൾക്ക് ശേഷം താൻ സുകുമാരൻ നായരെ തിരിച്ചുവിളിക്കുകയും വളരെ കാര്യമായി തന്നെ സംസാരിക്കുകയും ചെയ്തു. നേരിൽ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഉറപ്പായും കാണാമെന്ന് താൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.