Select Location
All Locations
State
Region
City / District
മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

ഏലൂര്‍ (കൊച്ചി): വടക്കന്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കി ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടിയായി മലയാളി ബാലിക. തൃശൂര്‍ ഇരവിമംഗലം എടത്തൂട്ട് വീട്ടില്‍ കൃഷ്ണരാജ് എടത്തൂട്ടിന്റെയും ഏലൂര്‍ കിഴക്കുംഭാഗം ഇടവഴി നഗറില്‍ ജയന്തി നിവാസില്‍ അരുണ വേണുഗോപാലിന്റെയും മകള്‍ ഇയ കൃഷ് ആണ് ഈ നേട്ടം കൈവരിച്ചത്. മൊറോക്കോയിലെ ഏറ്റവും ഉയരം കൂടിയ (4,167 മീറ്റര്‍) മൗണ്ട് ടൂബ്കാല്‍ കൊടുമുടി കീഴടക്കിയാണ് ചരിത്രത്തിന്റെ ഭാഗമായി മാറിയത്. എട്ട് വയസും മൂന്ന് മാസവുമാണ് ഇയയുടെ പ്രായം. ഏറെ പ്രയാസമേറിയ കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക് സ്വന്തമായി. ഗ്രീന്‍ വേ അഡ്വഞ്ചേഴ്സ് ട്രാവല്‍ ടൂറിസം എല്‍എല്‍സി സംഘടിപ്പിച്ച പര്‍വതാരോഹണ ദൗത്യത്തിലാണ് അച്ഛന്‍ കൃഷ്ണരാജിനൊപ്പം ഇയ പങ്കെടുത്തത്. കൃഷ്ണരാജും പര്‍വതാരോഹകനാണ്. ദുബായിയിലെ ഫ്യൂജറയില്‍ ജോലി ചെയ്യുന്ന കൃഷ്ണരാജും കുടുംബവും അവിടെ താമസക്കാരാണ്

കൊടുമുടി കീഴടക്കിയ സന്തോഷത്തില്‍ സ്‌കൂള്‍ അവധിക്കാലം ചിലവഴിക്കാന്‍ ഇയ സഹോദരി ആസ്ത ജയ, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം ഏലൂരിലുണ്ട്. കൃഷ്ണരാജ് 24ന് തിരിച്ചുപോകും. കുടുംബം ഓണം ആഘോഷം കഴിഞ്ഞേ പോകൂ. അച്ഛന്‍ കൃഷ്ണരാജിനൊപ്പം ഇയ അഞ്ചു വയസില്‍ ശബരിമലയിലാണ് ആദ്യമായി മല കയറിയത്. മല കയറിയതിന്റെ ആവേശം കണ്ടപ്പോഴാണ് അച്ഛന്‍ മകളില്‍ പര്‍വതാരോഹകയുടെ സ്വപ്‌നം കണ്ടത്. മുന്‍പും നിരവധി ചെറിയ ട്രക്കിങ്ങുകളില്‍ അച്ഛന് കൂട്ടായി ഇയ ഒപ്പമുണ്ടായിരുന്നു. ദിവസവുമുള്ള കഠിനമായ കളരിപ്പയറ്റ് പരിശീലനവും വാരാന്ത്യങ്ങളില്‍ ഖോര്‍ ഫക്കാനിലെ റാബി ടവര്‍ കയറിയുള്ള പരിശീലനവുമാണ് ഈ പര്‍വതാരോഹക ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കരുത്തേകിയത്. സമുദ്രനിരപ്പില്‍ നിന്ന് 5000 ത്തോളം അടി ഉയരത്തില്‍ കഠിനമായ കാറ്റും മഞ്ഞും നിറഞ്ഞ അന്തരീക്ഷത്തിലൂടെയുള്ള യാത്ര മുതിര്‍ന്നവര്‍ക്ക് പോലും വെല്ലുവിളിയാണെന്ന് കൃഷ്ണരാജ് പറഞ്ഞു. മുമ്പൊരു യാത്രയില്‍ മഞ്ഞില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ മനസില്‍ ഉണ്ടായിരുന്നിട്ടും ഇത്തവണ യാതൊരു ഭയവും ഉണ്ടായില്ല. ഫ്യൂജറെ റോയല്‍ പ്രൈവറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇയ അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ തന്റെ ഈ വലിയ നേട്ടം കൂട്ടുകാരോടും അദ്ധ്യാപകരോടും നേരിട്ട് പറയാനുള്ള ആവേശത്തിലാണ്


Janmabhumi 1 hour ago
Home Flash News