Aamir Khan | 'ലവ് ജിഹാദ്' ആരോപിച്ചവർ കേട്ടോ? ആമിർ ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവല്ല
60 വയസിനു ശേഷം മൂന്നാം വിവാഹം കഴിച്ച നടൻ ആമിർ ഖാനെതിരെയുള്ള (Aamir Khan) വിമർശനം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഗൗരി സ്പ്രാറ്റ് എന്ന യുവതിയാണ് ആമിറിന്റെ മൂന്നാം ഭാര്യയായത്. ഗൗരിക്ക് ആദ്യവിവാഹത്തിൽ നിന്നൊരു മകനുണ്ട്. ആമിർ ഖാനാകട്ടെ, ആദ്യത്തെ രണ്ടു ഭാര്യമാരിൽ നിന്നുമായി മൂന്നു മക്കളുടെ പിതാവും. ഇതിൽ ആമിറിന്റെ മകൾ വിവാഹിതയാണ്. അച്ഛന്റെ മൂന്നാം വിവാഹത്തിന് മക്കൾ മൂന്നുപേരും പങ്കെടുത്തിരുന്നു. ഗൗരിയുടെ മകനും അവരുടെ കൂടെയുണ്ടായി. വളരെ വേണ്ടപ്പെട്ടവർ മാത്രമേ ഈ വിവാഹത്തിൽ പങ്കുകൊണ്ടുള്ളൂ. മൂന്നു പ്രാവശ്യമായി ഹിന്ദു സ്ത്രീകളെ ഭാര്യയാക്കി എന്നതാണ് ആമിറിന് നേരെയുള്ള പ്രധാനവിമർശനം
റീന ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ. 1986ലായിരുന്നു ഇവർ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അതിനു ശേഷം ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവു 2005ൽ ആമിർ ഖാന്റെ ഭാര്യയായി. ഏറ്റവും അവസാനം ഡേറ്റ് ചെയ്ത ഗൗരി സ്പ്രാറ്റിനെ ആമിർ ജീവിതസഖിയാക്കി. പ്രണയമുണ്ടെങ്കിലും, വിവാഹം ചെയ്യില്ലെന്ന് പറഞ്ഞിട്ടും അവർ ചെറിയ തോതിൽ ഒരു വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. സ്‌പെഷൽ മാരേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം (തുടർന്ന് വായിക്കുക)
വിവാഹം കഴിഞ്ഞതും ആമിർ ഖാൻ ഗൗരിക്ക് സമ്മാനമെന്നോണം 200 കോടി രൂപ വിലവരുന്ന ഒരു അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. ആ അപ്പാർട്ട്മെന്റിലെ പല നിലകളിലായി ആമിറിന്റെ മുൻഭാര്യമാരും മക്കളും ഉൾപ്പെടെ താമസിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും മുകളിലത്തെ സ്കൈ വില്ലയിൽ ആമിറും മൂന്നാം ഭാര്യ ഗൗരിയും താമസമുറപ്പിക്കും എന്നാണ് റിപ്പോർട്ടിൽ നിന്നും ലഭ്യമായ വിവരം
തന്റെ കുടുംബം സർവമത സമ്പന്നമെന്ന് ഉദാഹരണം ചൂണ്ടിക്കാട്ടി ആമിർ ഖാൻ പറഞ്ഞിരുന്നു. ആമിർ മാത്രമല്ല, സഹോദരങ്ങളും ഇതര മതങ്ങളിൽ നിന്നും വിവാഹം ചെയ്തവരാണ്. "എന്റെ രണ്ടു സഹോദരിമാരും വിവാഹം ചെയ്തത് ഹിന്ദു മതത്തിൽപ്പെട്ടവരെയാണ്. എന്റെ മകളും അങ്ങനെ തന്നെ. എന്റെ അനന്തരവൻ മൻസൂർ വിവാഹം ചെയ്തിട്ടുള്ളത് ഒരു ക്രിസ്ത്യൻ യുവതിയെയാണ്," എന്ന് ആമിർ ഖാൻ. ഈ സാഹചര്യത്തിലാണ് ആമിർ മൂന്നു തവണ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചു എന്ന വാദം തള്ളിയത്. അതെ. കേട്ടത് ശരിയാണ്. ആമിറിന്റെ ഭാര്യ ഗൗരി ഹിന്ദുവല്ല
'ലവ് ജിഹാദ് ബ്രാൻഡ് അംബാസഡർ' എന്ന് പലരും കളിയാക്കിയ വേളയിലാണ് ആമിർ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തിയത്. ഗൗരി സ്പ്രാറ്റ് ഹിന്ദുവല്ല. ക്രിസ്തീയ മതത്തിൽ നിന്നുള്ള വ്യക്തിയാണ്. പോരെങ്കിൽ, അവർ മതാചാരങ്ങൾ പിന്തുടരുന്നുമില്ല. "ഞാൻ വിവാഹം ചെയ്തുവെങ്കിലും, റീന, കിരൺ, ഗൗരി എന്നിവർ മതംമാറീട്ടില്ല. ഞങ്ങളുടേത് സിവിൽ വിവാഹമായിരുന്നു. ഗൗരി ഹിന്ദുവല്ല. ക്രിസ്ത്യനാണ്. അവർ ആ മതാചാരം പിന്തുടരുന്നുമില്ല," ആമിർ പറഞ്ഞു
മുസ്ലിം പേഴ്‌സണൽ ദാറുൽ ഇഫ്തയുടെ ഷാഹി ചീഫ് മുഫ്തി മൗലാന ഇബ്രാഹിം ഹുസൈൻ ആമിർ ഖാനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ആമിർ ഖാന്റെ വിവാഹം ശരിയത്ത് നിയമത്തിനെതിരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഗൗരി ഇസ്ലാം മതവിശ്വസിയല്ല എന്നതാണ് കാരണമായി നിരത്തിയത്. എഎൻഐ റിപ്പോർട്ട് പ്രകാരം, ഇസ്ലാമിക നിയമപ്രകാരം ഒരു മുസ്ലിം പുരുഷൻ അന്യമതത്തിൽ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്യണമെങ്കിൽ, വധു ഇസ്ലാം മതം സ്വീകരിച്ചിരിക്കണം എന്നാണ് നിയമം എന്നദ്ദേഹം വാദിച്ചു. മുസ്ലിം-ഇതര സ്ത്രീയുമായുള്ള വിവാഹം ഹറാം ആണെന്നും ഇദ്ദേഹം പറഞ്ഞു