ഇന്റർനെറ്റും വാർത്താവിനിമയ സേവനങ്ങളും മുടക്കി; തിരുവനന്തപുരത്തെ വലച്ച് കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികൾ
തിരുവനന്തപുരത്തെ ആറു പഞ്ചായത്തുകളിലെ ഇന്റർനെറ്റ്, വാർത്താവിനിമയം സേവനം മുടക്കി കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികൾ. കേബിൾ ഓപ്പറേറ്റർമാരോട് അറിയിക്കാതെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. കെഎസ്ഇബിയുടെ ഗുരുതരമായ വീഴ്ചയിൽ ബാങ്കുകളിലെ അടക്കം പ്രവർത്തനം തടസ്സപ്പെട്ടു. കെഎസ്ഇബിയ്ക്കെതിരെ കേബിൾ ഓപ്പറേറ്റർമാർ കാട്ടാകട പോലീസിൽ പരാതി നൽകി. കെ.എസ്.ഇ.ബി പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ വിവിധ കമ്പനികളുടെ ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ മുറിച്ചു മാറ്റിയതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഏഷ്യാനെറ്റ്, ബി.എസ്.എൻ.എൽ., കെ-ഫോൺ, ഭാരത് ഫൈബർ, കേരള വിഷൻ എന്നിവയുടെ പ്രധാന ഫൈബർ കേബിളുകളാണ് കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ കാട്ടാക്കട, മലയിൻകീഴ്, അമ്പൂരി, ആര്യനാട്, കള്ളിക്കാട്, നെയ്യാർഡാം, പാറശ്ശാല മേഖലകളിൽ ഇന്റർനെറ്റ്, വാർത്താവിനിമയ സേവനങ്ങൾ താറുമാറായി.
സർക്കാർ ഓഫീസുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ജനസേവ കേന്ദ്രങ്ങൾ, ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. കരാറുകാരൻ മുൻകൂർ അറിയിക്കാത്തത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേബിൾ ഓപ്പറേറ്റർമാർ പറയുന്നത് . പൂവച്ചൽ ആലമുക്ക് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബാബു എന്ന കരാറുകാരനാണ് പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ കേബിളുകൾ മുറിച്ചതെന്നാണ് കേബിൾ ഓപ്പറേറ്റർമാർ ആരോപിക്കുന്നത്. പോസ്റ്റ് മാറ്റുന്ന ജോലിയുടെ ഭാഗമായി കേബിളുകൾ മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടും യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നാണ് ഓപ്പറേറ്റർമാരുടെ പരാതി. കരാറുകാരനെതിരെയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ട് കേബിൾ ഓപ്പറേറ്റർമാർ പൊലീസിൽ പരാതി നൽകി.