ശബരിമല സ്വർണക്കൊള്ള : മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ ഇടപെടുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷകസംഘം അന്തിമ റിപ്പോർട്ട് നൽകാനിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് അനാവശ്യ ഇടപെടൽ നടത്തുന്നതായി ആക്ഷേപം. രാഷ്ട്രീയ വൈരത്തിൻ്റെ പേരിലും സർക്കാരിനെതിരെ വൻവിവാദങ്ങൾ കത്തുന്ന സാഹചര്യത്തിൽ ശ്രദ്ധതിരിക്കാനുമായി, മുൻ ദേവസ്വം ബോർഡിനെയും പ്രസിഡന്റിനെയും കേസിലേയ്ക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം. അന്വേഷണ ചുമതലയുള്ള എഡിജിപി സർക്കാരിൻ്റെ പ്രീതി പിടിച്ചുപറ്റാൻ നടത്തുന്ന ഗൂഢനീക്കത്തിന് പിന്നിൽ ചില ബാഹ്യശക്തികളുടെ ഇടപെടലുമുണ്ട്. കേസന്വേഷണത്തിലുൾപ്പെടെ ശബരിമലയിൽ ഹൈക്കോടതി ഇടപെടുന്നതിനോട് സർക്കാരിന് എതിർപ്പാണ്. വസ്തുതാപരമായി മാത്രമേ കാര്യങ്ങൾ നടക്കൂവെന്ന നീരസമാണ് കാരണം. ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇടപെടൽ മൂലം സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു വേവലാതി.മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് പ്രതികരണമെന്ന് വ്യക്തം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ത്തന്നെ അന്വേഷണം വേണമെന്നും യഥാർഥ കുറ്റവാളികൾ ശിക്ഷി ക്കപ്പെടണമെന്നുമായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്.
പ്രസിഡൻ്റ് പി എസ് പ്രശാന്തിന് കേസിൽ പങ്കുണ്ടെന്ന് പ്രതിപക്ഷത്തിരുന്ന് നിരന്തരം വ്യാജ പ്രചാരണം നടത്തിയയാളാണ് സതീശൻ. കോൺഗ്രസ് വിട്ട് സിപിഐഎമ്മുമായി സഹകരിക്കാൻ തുടങ്ങിയ കാലംതൊട്ടുള്ള വൈരാഗ്യമാണ് കാരണം.2025ൽ ദ്വാരപാലക ശിൽപ്പപാ ളികൾ സ്വർണം പൂശാൻ കൊണ്ടുപോയത് നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമായിരുന്നു. അവയുടെയെല്ലാം വീഡിയോയുമുണ്ട്. മുൻ ദേവസ്വം ബോർഡ്സ്പെഷൽ കമീഷണറെ അറിയിച്ചില്ലെന്ന സാങ്കേതിക പിഴവിനെ തുടർന്നുണ്ടായ വിവാദം, ഹൈക്കോടതിയിൽ മാപ്പപേക്ഷി ച്ചതോടെ അവസാനിച്ചിരുന്നു. എങ്കിലും, ഇക്കാര്യങ്ങളിൽ ഏത് വിധത്തിലുള്ള അന്വേഷണത്തോടും പൂർണമായും സഹകരിക്കുമെന്നാണ് അന്നത്തെ പ്രസിഡൻ്റും ബോർഡംഗങ്ങളും വ്യക്തമാക്കിയത്. എന്നാൽ, യുഡിഎഫിന്റെ രാഷ്ട്രീയ താൽപ്പര്യത്തിന്റെ പേരിൽ ദുഷ്‌ടലാക്കോടെയുള്ള നീക്കങ്ങൾ നടത്തുന്നതായാണ് ആക്ഷേപം.